പ്രളയക്കെടുതിയിൽ അസം; മരണസംഖ്യ 75 ആയി, ദുരിതാശ്വാസം ശക്തമാക്കി സർക്കാർ
ദിസ്പുർ: അസമിൽ ദിവസങ്ങളായി തുടരുന്ന പ്രളയക്കെടുതിയിൽ മരണസംഖ്യ 75 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ശിവസാഗർ ജില്ലയിൽ മാത്രം മുങ്ങിമരണപ്പെട്ട ഏഴു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് ആകെ മരണം 75ൽ എത്തിയത്. സംസ്ഥാനത്ത് പ്രളയസാഹചര്യത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും നിലവിൽ ഏഴോളം ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വൻ ധനസഹായവും ആശ്വാസ പാക്കേജും പ്രഖ്യാപിച്ചു.
മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഒമ്പത് ലക്ഷം രൂപ വീതം ധനസഹായം നൽകും. നിലവിലുള്ള 4 ലക്ഷം രൂപയുടെ സർക്കാർ സഹായത്തിന് പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ കൂടി ചേർത്താണ് 9 ലക്ഷം രൂപയായി വർദ്ധിപ്പിച്ചത്. ഒരു മാസത്തിലേറെയായി കാണാതായവരുടെ കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
ശിവസാഗർ, ചരായ്ഡിയോ, ജോർഹട്ട്, ഗോലാഘട്ട്, നഗോൺ, സോണിത്പൂർ, കാംരൂപ് മെട്രോപൊളിറ്റൻ എന്നീ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ചരായ്ഡിയോ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചിട്ടുള്ളത്. 45,000 ഹെക്ടറിലധികം കൃഷിഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി 15,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം, വ്യോമസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും സജീവമായി തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0