ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആദ്യ രണ്ട് ഖണ്ഡിക മാത്രം: കർണാടക സർക്കാർ ഉത്തരവിറക്കി
ബംഗളൂരു: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് കർണാടക സർക്കാർ ഉത്തരവിറക്കി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഇതുസംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വഴി ഉത്തരവ് പുറപ്പെടുവിച്ചത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന ഉയർന്ന തലത്തിലുള്ള ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി ആലപിക്കും. സാധാരണ സംസ്ഥാന സർക്കാർ പരിപാടികളിൽ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും ഇനി മുതൽ ആലപിക്കുക.
സംസ്ഥാനത്തെ വിവിധ ചടങ്ങുകളിൽ ഏകീകൃത സ്വഭാവവും ഗൗരവവും പ്രോട്ടോക്കോളും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 1937-ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രമേയം അനുസരിച്ച് പാർട്ടി പരിപാടികളിൽ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കോൺഗ്രസ് നിലപാട്. ഈ നിലപാടിനോട് ചേർന്നുനിൽക്കുന്നതാണ് കർണാടക സർക്കാരിന്റെ പുതിയ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0