കാസർഗോഡ് റെയിൽവേ പാർസൽ സംവിധാനം നിർത്തലാക്കിയതിനെതിരെ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

Jul 30, 2026 - 16:38
കാസർഗോഡ് റെയിൽവേ പാർസൽ സംവിധാനം നിർത്തലാക്കിയതിനെതിരെ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസ് പൂർണതോതിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകി. 2026 ജൂലൈ 25 മുതൽ പ്രാബല്യത്തിൽ വരുംവിധം സ്റ്റേഷനിലെ പാർസൽ സർവീസ് പൂർണമായും നിർത്തലാക്കിയ ദക്ഷിണ റെയിൽവേയുടെ നടപടി ഏകപക്ഷീയമാണെന്ന് എംപി കുറ്റപ്പെടുത്തി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവിട്ട് വികസിപ്പിക്കുന്ന കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറ്റവും ആവശ്യമായ ഇത്തരം പൊതുസേവനങ്ങൾ ഇല്ലാതാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എംപി മന്ത്രിയെ ധരിപ്പിച്ചു.

വ്യാപാരികൾക്കും പൊതുജനങ്ങൾക്കും യാതൊരു മുൻകരുതൽ സമയവും നൽകാതെയാണ് റെയിൽവേ ഈ കടുംവെട്ട് നടത്തിയത്. ഇതോടെ ജില്ലയിലുള്ളവർ പാർസൽ ആവശ്യങ്ങൾക്കായി കണ്ണൂർ, മംഗളൂരു സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ദുരിതാവസ്ഥയിലാണ്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും പ്രയാസങ്ങൾക്കും കാരണമാകുന്നു. നിലവിൽ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ ലഗേജ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വെറും കണ്ണിൽപ്പൊടിയിടൽ മാത്രമാണെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. പഴയതുപോലെ പൂർണ്ണമായ തോതിലുള്ള പാർസൽ ബുക്കിങ് സംവിധാനം തന്നെ കാസർഗോഡ് പുനഃസ്ഥാപിക്കണമെന്നും ഈ ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും എംപി വ്യക്തമാക്കി. റെയിൽവേയുടെ ഈ ജനദ്രോഹപരമായ തീരുമാനം പിൻവലിച്ച് സർവീസ് ഉടൻ പുനരാരംഭിക്കാൻ അടിയന്തരമായി ഇടപെടാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0