ആദ്യ ഹജ്ജ് തീർത്ഥാടകർക്കുള്ള സബ്‌സിഡി 35,000 രൂപയായി ഉയർത്തി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാറിന്റെ കന്നി ബജറ്റ്
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് ഭരണകൂടത്തിന്റെ കന്നി ബജറ്റിൽ ന്യൂനപക്ഷ ക്ഷേമത്തിനും വിദ്യാഭ്യാസ-സാമൂഹിക മേഖലകൾക്കും മുൻഗണന നൽകുന്ന വൻ ജനപ്രിയ പ്രഖ്യാപനങ്ങൾ. ആദ്യമായി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്കുള്ള സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി തുക 25,000 രൂപയിൽ നിന്ന് 35,000 രൂപയായി ഉയർത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ധനമന്ത്രി എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ, സർക്കാറിന്റെ മതേതരത്വവും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അർഹരായ നവവധുക്കൾക്ക് ഒരു പവൻ സ്വർണ്ണ നാനാണയവും പട്ടുപുടവയും, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ, പ്ലസ് വൺ ക്ലാസിലെ 5.3 ലക്ഷം വിദ്യാർത്ഥികൾക്ക് ഹെൽമെറ്റും വാട്ടർ ബോട്ടിലുമടങ്ങുന്ന സൗജന്യ സൈക്കിളുകൾ, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഒരു ഗ്രാമിന്റെ സ്വർണ്ണമോതിരം, 'വെട്രിത്തിരൻ' പദ്ധതിയിലൂടെ ഒരു ലക്ഷം ഉദ്യോഗാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പരിശീലനവും പ്രതിമാസ സ്റ്റൈപ്പൻഡും തുടങ്ങിയ ജനകീയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും നീക്കിവെച്ചു. 10 ഒളിംപിക് സെന്റർ ഓഫ് എക്സലൻസുകൾ സ്ഥാപിക്കാൻ 50 കോടി രൂപ അനുവദിച്ചു.
ലക്ഷ്യബോധമുള്ള പദ്ധതികളിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും 2036-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് വിജയ് സർക്കാറിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി എൻ. മേരി വിൽസൺ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
1
Sad
1
Wow
1