ചരിത്രത്തിലാദ്യം: ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു
ടോക്കിയോ: ചരിത്രത്തിലാദ്യമായി ജപ്പാനിൽ നൂറോ അതിലധികമോ വയസ്സുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ജപ്പാൻ ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 1,07,677 പേർ ശതാബ്ദി പിന്നിട്ടവരായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ 56-ാം വർഷമാണ് ജപ്പാനിലെ ശതാബ്ദിക്കാരുടെ എണ്ണം പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നത്. ഈ വർഷത്തെ കണക്കുകൾ അനുസരിച്ച് ആകെ 100 വയസ്സ് പിന്നിട്ടവരിൽ 88 ശതമാനവും (94,298 പേർ) സ്ത്രീകളാണ്.
1963-ൽ ജപ്പാൻ ആദ്യമായി സർവേ ആരംഭിക്കുമ്പോൾ നൂറ് വയസ്സ് പിന്നിട്ടവർ 153 പേർ മാത്രമായിരുന്നു. 1981-ൽ ഇത് ആയിരവും, 1998-ൽ പതിനായിരവും കടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മെച്ചപ്പെട്ട വൈദ്യശാസ്ത്ര സൗകര്യങ്ങൾ, സജീവമായ ജീവിതശൈലി എന്നിവയാണ് ജപ്പാൻകാരുടെ ദീർഘായുസ്സിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, പ്രായമായവരുടെ എണ്ണം വർധിക്കുമ്പോഴും രാജ്യത്ത് ജനനനിരക്ക് കുത്തനെ കുറയുന്നത് ജപ്പാന് വലിയ സാമൂഹിക-സാമ്പത്തിക വെല്ലുവിളിയായി തുടരുകയാണ്. നിലവിൽ ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളവും 65 വയസ്സിന് മുകളിലുള്ളവരാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0