ബഹിരാകാശത്തേക്ക് കുതിക്കാൻ മലയാളി; നാസയുടെ ദൗത്യവുമായി അനിൽ മേനോൻ 

Jul 10, 2026 - 15:03
Jul 10, 2026 - 15:03
ബഹിരാകാശത്തേക്ക് കുതിക്കാൻ മലയാളി; നാസയുടെ ദൗത്യവുമായി അനിൽ മേനോൻ 

വാഷിംഗ്ടൺ: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന സുവർണ്ണ നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനും യുഎസ് ബഹിരാകാശ സേനയിലെ കേണലുമായ ഡോ. അനിൽ മേനോൻ (49). ജൂലൈ 14 ചൊവ്വാഴ്ച, കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിലാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുക. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും ഈ ദൗത്യത്തിൽ അദ്ദേഹത്തിനൊപ്പമുണ്ട്. ഏകദേശം 8 മാസത്തോളം നീളുന്നതാണ് ഈ ദൗത്യം.

അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ചുവളർന്ന അനിൽ മേനോന് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിനിയായ ലിസ ലൂസിഞ്ചെൻകോയുടെയും മകനാണ്. അനിൽ മേനോൻ ജനിച്ചതും വളർന്നതും വിദേശത്താണെങ്കിലും അദ്ദേഹത്തിന്റെ നേട്ടം ആഗോളതലത്തിൽ മലയാളി സമൂഹത്തിന് വലിയ അഭിമാന നിമിഷമാണ് സമ്മാനിക്കുന്നത്. എഞ്ചിനീയറിംഗിലും വൈദ്യശാസ്ത്രത്തിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച അപൂർവ്വ വ്യക്തിത്വമാണ് അനിൽ മേനോൻ. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ഒപ്പം മെഡിക്കൽ ബിരുദവും കരസ്ഥമാക്കി. 

യുഎസ് എയർഫോഴ്സിൽ ലഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം അഫ്ഗാനിസ്ഥാനിലെ സൈനിക ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട്. കൂടാതെ മൗണ്ട് എവറസ്റ്റ് കയറുന്നവർക്ക് വൈദ്യസഹായം നൽകുന്ന ഹിമാലയൻ റെസ്ക്യൂ അസോസിയേഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി ഒരു വർഷത്തോളം അദ്ദേഹം ചെലവഴിച്ചിട്ടുമുണ്ട്. 2014-ലാണ് അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി പ്രവേശിക്കുന്നത്. തുടർന്ന് 2018-ൽ എലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ആദ്യത്തെ ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും അദ്ദേഹം നിയമിതനായി. സ്പേസ് എക്സിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യങ്ങളുടെയും സ്റ്റാർഷിപ്പ് പേടകത്തിന്റെ വികസനത്തിന്റെയും മെഡിക്കൽ ടീമിനെ നയിച്ചത് അനിലായിരുന്നു. 2021 ഡിസംബറിലാണ് 12,000-ത്തിലധികം അപേക്ഷകരിൽ നിന്ന് നാസയുടെ പുതിയ ബഹിരാകാശ സഞ്ചാരികളുടെ ഗ്രൂപ്പിലേക്ക് അനിൽ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വർഷത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ് ഇപ്പോൾ തന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് അദ്ദേഹം ഒരുങ്ങുന്നത്. എട്ട് മാസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിനിടയിൽ ശൂന്യഗുരുത്വാകർഷണം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളുടെ പരീക്ഷണം എന്നിവയ്ക്ക് പുറമെ ബയോളജി, ഫിസിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾക്കും അനിൽ മേനോൻ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0