പ്ലസ്‌വൺ ക്ലാസുകൾക്ക് പിന്നാലെ ക്യാമ്പസുകളിൽ റാഗിംഗ് വ്യാപകം; വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദനം
കാസർകോട്: ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചതിന് പിന്നാലെ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർമാരുടെ റാഗിംഗും അതിക്രമങ്ങളും വ്യാപകമാകുന്നതായി റിപ്പോർട്ട്. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുമ്പള ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും എടനീർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിയും ക്രൂരമായ ആക്രമണത്തിനു ഇരയായതിനു പിന്നാലെയാണ് ബെള്ളൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലും റാഗിംഗ്. ബെളിഞ്ച സ്വദേശിയും ബെള്ളൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ 16കാരനാണ് ഇന്നലെ രാവിലെ ആക്രമണത്തിനു ഇരയായത്. ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്നു പറഞ്ഞ് നാലോളം പ്ലസ്‌ടു വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയെ ചവിട്ടുകയും അടിക്കുകയും ചെയ്തത്. ആക്രമണത്തിനു ഇരയായ വിദ്യാർത്ഥിയെ മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആക്രമണം സംബന്ധിച്ച് സ്‌കൂൾ അധികൃതരും വിദ്യാർത്ഥിയും ആദൂർ പോലീസിൽ പരാതി നൽകി. വിദ്യാർത്ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ചയും ബെള്ളൂർ സ്കൂളിലെ പ്ലസ് വൺ -പ്ലസ്‌ടു വിദ്യാർത്ഥികൾ തമ്മിൽ ബസിനകത്തു വെച്ച് സംഘട്ടനം ഉണ്ടായിരുന്നു. ബുധനാഴ്ച വീണ്ടും പ്രശ്നത്തിനു സാധ്യത ഉണ്ടെന്ന സൂചനകളെ തുടർന്ന് പ്ലസ്‌ടു വിദ്യാർത്ഥികൾക്കു അവധി നൽകിയിരുന്നു. പ്രശ്നത്തെ കുറിച്ച് പി ടി എ മീറ്റിംഗ് ചേരാനുള്ള ഒരുങ്ങൽക്കിടയിലാണ് പ്ലസ് വിദ്യാർത്ഥി ആക്രമത്തിന്നു ഇരയായത്.
എടനീർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ പ്ലസ് ടു വിദ്യാർത്ഥികളായ 20 പേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. പരാതിക്കാരനായ വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി കൈപിടിച്ചു തിരിക്കുകയും തള്ളിയിട്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കുമ്പള ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഒളയം സ്വദേശി ആക്രമണത്തിനു ഇരയായി. സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾ താക്കോൽ കൊണ്ട് കുത്തുകയും മർദ്ദിക്കുകയുമായിരുന്നു. ക്ലാസ് നടക്കുന്ന സമയത്ത് പുറത്തേയ്ക്ക് ഇറങ്ങി വരാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാത്ത വിരോധമാണ് ആക്രമത്തിനു ഇടയാക്കിയതെന്നു പറയുന്നു. ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും അധ്യാപകരുടെ നിരീക്ഷണം ശക്തമല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0