കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: പ്രതിസന്ധി കടുക്കുന്നു

Jul 6, 2026 - 13:57
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: പ്രതിസന്ധി കടുക്കുന്നു

കോഴിക്കോട്: യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത്‌കെയർ ബി.പി.ഒ (മെഡിക്കൽ കോഡിങ്) കമ്പനിയായ കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടലിനെത്തുടർന്നുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. മുൻകൂർ അറിയിപ്പില്ലാതെ എണ്ണൂറിലധികം ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തൊഴിൽ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലിനെത്തുടർന്ന് പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ നേരത്തെ ധാരണയായിരുന്നുവെങ്കിലും കമ്പനി ഇതിൽ നിന്നും പിന്മാറിയതായാണ് വിവരം.

ജൂലൈ 3-ന് രാവിലെ ഓഫീസിലെത്തിയ ജീവനക്കാരോട് സിസ്റ്റം ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും പാലാരിവട്ടത്തെയും കോഴിക്കോട്ടെയും പ്രവർത്തനം പൂർണ്ണമായി നിർത്തുകയാണെന്ന് അറിയിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ജീവനക്കാർക്ക് 'സെപ്പറേഷൻ ലെറ്ററും' മെയിലിൽ ലഭിച്ചു. ചർച്ചകൾ പൂർത്തിയാകും വരെ തൽസ്ഥിതി തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയ ജീവനക്കാരെ ഓഫീസിനുള്ളിൽ പ്രവേശിപ്പിക്കാതെ കമ്പനി കടുത്ത നിലപാട് സ്വീകരിച്ചു. വർക്ക് വോളിയം കുറഞ്ഞതിനാലുള്ള പുനഃ ക്രമീകരണമാണെന്നും പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്നുമാണ് കമ്പനിയുടെ അവകാശവാദം. മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നുണ്ടെന്നും ഓവർടൈം ശമ്പളം ചോദിച്ചതും അവധി ദിവസങ്ങളിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതുമാണ് പെട്ടെന്നുള്ള ഈ പ്രതികാര നടപടിക്ക് പിന്നിലെന്നും ജീവനക്കാർ ആരോപിക്കുന്നു.

വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെട്ടിട്ടുണ്ട്. 300-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പിരിച്ചുവിടൽ നടത്തരുതെന്ന നിയമം കമ്പനി ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ജൂലൈ 10-ന് കൊച്ചിയിൽ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി നിർണായക ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0