ഖമനേയിയുടെ സംസ്‌കാര ചടങ്ങ്: കോൺഗ്രസ് നേതാക്കൾക്ക് ഇറാന്റെ ഔദ്യോഗിക ക്ഷണം
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് ഇറാന്റെ ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരെ ഇറാൻ ഭരണകൂടം ഔദ്യോഗികമായി ചടങ്ങിലേക്ക് ക്ഷണിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ച മറ്റ് ഔദ്യോഗിക വിദേശ സന്ദർശനങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനെത്തുടർന്ന് ചടങ്ങിൽ ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുത്തേക്കും. കഴിഞ്ഞ മാർച്ച് 1-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടത്. മേഖലയിലെ കടുത്ത സൈനിക സംഘർഷ സാഹചര്യം കണക്കിലെടുത്ത് അന്ന് മാറ്റിവെച്ച സംസ്കാര ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്.
ജൂലൈ 4-ന് ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്‌സിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ജൂലൈ 5 മുതൽ 9 വരെ ടെഹ്റാൻ, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായി വിപുലമായ ചടങ്ങുകൾ നടക്കും. ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ ഖബറടക്കത്തോടെ ചടങ്ങുകൾ അവസാനിക്കും. ചൈന, റഷ്യ, ഖത്തർ, ഫ്രാൻസ്, പാകിസ്താൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0