മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർത്ഥി മുഹമ്മദ് റയാന് കാനഡയിലെ ‘ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ’ പുരസ്കാരം 

Jul 1, 2026 - 16:38
Jul 1, 2026 - 16:42
മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർത്ഥി മുഹമ്മദ് റയാന് കാനഡയിലെ ‘ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ’ പുരസ്കാരം 

മലപ്പുറം: ഭിന്നശേഷി മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് മഅദിൻ ഏബ്ൾ വേൾഡ് സ്പെഷ്യൽ സ്കൂളിലെയും ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിലെയും പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് റയാന് കാനഡയിൽ ദേശീയ അംഗീകാരം. കാനഡയിലെ പ്രമുഖ സന്നദ്ധ സംഘടനയായ റിക് ഹാൻസൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'റിക് ഹാൻസൻ ഫൗണ്ടേഷൻ സ്കൂൾ പ്രോഗ്രാം 2026 ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ' പുരസ്കാരത്തിനാണ് റയാൻ അർഹനായത്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്നതും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നതും നേട്ടത്തിന്റെ പ്രത്യേകതയാണ്.

ശാരീരിക-മാനസിക വെല്ലുവിളികൾക്കിടയിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ഉൾച്ചേരലിനും വേണ്ടി പ്രവർത്തിക്കുന്ന റയാൻ, തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കാനഡയിലെ നോവാ സ്കോഷ്യയിലെ കുടിയേറ്റ സമൂഹങ്ങൾക്കിടയിലും ജന്മനാടായ കേരളത്തിലെ ഭിന്നശേഷിക്കാർക്കിടയിലും നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്. നേരത്തെ കാനഡയിൽ വെച്ചുതന്നെ 'യുവ ചാമ്പ്യൻ അവാർഡും' റയാൻ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ കാനഡയിലെ ഹാലിഫാക്സിൽ ഹമ്പർ പാർക്ക് സ്കൂൾ വിദ്യാർത്ഥിയായ റയാൻ പല മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. റയാന്റെ ഈ വലിയ നേട്ടം മഅദിൻ ഏബ്ൾ വേൾഡിനും ഭിന്നശേഷി മേഖലയ്ക്കാകെയും വലിയ പ്രചോദനമാണെന്ന് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അനുമോദന സന്ദേശത്തിൽ പറഞ്ഞു. മഅദിൻ ഏബ്ൾ വേൾഡ് മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും നോവാസ്കോഷ്യ സർക്കാരിന്റെ ഭിന്നശേഷി മേഖലയിലെ ഉപദേഷ്ടാവുമായ മുഹമ്മദ് അസ്റത്തിന്റെ മകനാണ് റയാൻ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0