ദുരന്തഭൂമിയായി വെനസ്വേല: മരണസംഖ്യ ഉയരുന്നു, വൻ നാശനഷ്ടം
കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം ഏകദേശം 235 ആയി ഉയർന്നതായും 4,300 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമതുണ്ടായ ഭൂകമ്പം വെനസ്വേലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ്. കാണാതായവർക്കും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കുമായി രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വെനസ്വേലയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം വെനിസ്വേലയെ നടുക്കി തുടർച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിലെ ചക്കാവോയിൽ മാത്രം നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു വീണു. ലാ ഗുവയര നഗരത്തിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നുവീണു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ദുരന്തത്തിൽപ്പെട്ട വെനിസ്വേലയ്ക്ക് സഹായവുമായി ഒട്ടേറെ രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ എന്നീ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികൾ അയക്കാൻ യു.എസ് തയ്യാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0