വാഹന മോഡിഫിക്കേഷൻ: സംസ്ഥാനങ്ങൾക്ക് സ്വന്തമായി നിയമനിർമ്മാണം നടത്താനാകില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് സ്വന്തമായി ഇളവുകളോ പ്രത്യേക മാനദണ്ഡങ്ങളോ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. വി ശിവദാസൻ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങൾക്ക് നിയമ നിർമ്മാണമോ ഉത്തരവുകളോ ഇറക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
1988-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 52-ാം വകുപ്പും 2019-ലെ സുപ്രീം കോടതി ഉത്തരവും അനുസരിച്ച്, വാഹനം നിർമ്മിച്ച കമ്പനി നൽകുന്ന അടിസ്ഥാന ഘടനയിലോ സുരക്ഷാ മാനദണ്ഡങ്ങളിലോ മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകൾ പൂർണ്ണമായും നിയമവിരുദ്ധമാണ്. വാഹന രജിസ്ട്രേഷനും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന ഗതാഗത വകുപ്പുകൾക്ക് കേന്ദ്ര നിയമങ്ങളിൽ അയവ് വരുത്താൻ വ്യവസ്ഥയില്ല. സുരക്ഷയെ ബാധിക്കാത്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ, ഡാഷ് ക്യാമറകൾ, അംബിയന്റ് ലൈറ്റിംഗ്, റിവേഴ്സ് ക്യാമറകൾ തുടങ്ങിയ ചെറിയ കൂട്ടിച്ചേർക്കലുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. വാഹനത്തിന്റെ എൻജിൻ, ചേസിസ് ഫ്രെയിം, ബോഡി സ്ട്രക്ചർ, കളർ (മുൻകൂർ അനുമതിയില്ലാതെ), ഉയർന്ന ശബ്ദമുള്ള എക്‌സ്‌ഹോസ്റ്റുകൾ എന്നിവയിൽ മാറ്റം വരുത്തുന്നത് നിയമലംഘനമായി തുടരും. കേന്ദ്ര നിയമപ്രകാരം വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ പിഴ ഈടാക്കാനും രജിസ്ട്രേഷൻ റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0