ജനനമരണ രജിസ്‌ട്രേഷൻ വൈകിയാൽ പിഴ; പുതിയ ഭേദഗതികൾ ഒക്‌ടോബർ 1 മുതൽ
ന്യൂഡൽഹി: രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ കർശനവും സുതാര്യവുമാക്കുന്നതിനുള്ള പുതിയ നിയമ ഭേദഗതികൾ ഒക്‌ടോബർ ഒന്നു മുതൽ നിലവിൽ വരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത അപേക്ഷകൾക്ക് ഇനി മുതൽ പിഴയും കർശന പരിശോധനകളും നേരിടേണ്ടി വരും. ജനന-മരണ വിവരങ്ങൾ കൃത്യസമയത്ത് രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വ്യാജ അപേക്ഷകൾ തടയുന്നതിനുമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. സംഭവങ്ങൾ നടന്ന് 21 ദിവസത്തിനുള്ളിൽ മുൻപത്തെപ്പോലെ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 21 ദിവസത്തിന് ശേഷം രജിസ്റ്റർ ചെയ്യുമ്പോൾ വൈകിയതിനുള്ള പിഴയും നൽകേണ്ടിവരും.
ഒരു വർഷം വരെയുള്ള വൈകിയ രജിസ്‌ട്രേഷൻ നിശ്ചിത പിഴയോടെയും അനുമതിയോടെയും പൂർത്തിയാക്കാം. സംഭവങ്ങൾ നടന്ന് ഒരു വർഷത്തിനു ശേഷമുള്ള രജിസ്‌ട്രേഷന് ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയോ അനുമതി ആവശ്യമാണ്. രണ്ട് വർഷത്തിൽ കൂടുതൽ വൈകിയാൽ രജിസ്റ്റർ ചെയ്യാൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതിയും സത്യസന്ധതാ പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഡിജിറ്റൽ ഡാറ്റാബേസ് കൂടുതൽ കുറ്റമറ്റതാകുമെന്നും സർക്കാർ ആനുകൂല്യങ്ങൾ അർഹരായവർക്ക് കൃത്യമായി ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0