രൂക്ഷമായ തെരുവുനായ ശല്യം; പഞ്ചായത്ത് ഓഫീസിനുള്ളിൽ നായകളെ തുറന്നുവിട്ട് പ്രതിഷേധം
നാസിക്: പ്രദേശത്ത് രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനുള്ളിൽ തെരുവുനായ്ക്കളെ തുറന്നുവിട്ട് പ്രതിഷേധം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ നിഫാദ് നഗർ പഞ്ചായത്ത് ഓഫീസിലാണ് വലിപ്പമേറിയതും വേറിട്ടതുമായ ഈ പ്രതിഷേധ സമരം അരങ്ങേറിയത്. യുവസേന പ്രവർത്തകരുടെയും പ്രാദേശിക നിവാസികളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ മുൻപും പലതവണ പരാതി നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധക്കാർ നായ്ക്കളെ പിടിച്ച് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിക്കുള്ളിലേക്ക് തുറന്നുവിട്ടത്.
ഓഫീസിനുള്ളിൽ പെട്ടെന്ന് തെരുവുനായ്ക്കൾ ഓടിനടന്നത് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വലിയ രീതിയിൽ പരിഭ്രാന്തരാക്കി. തെരുവുനായ്ക്കളുടെ വന്ധ്യംകരണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്നും തെരുവുനായ ശല്യം പരിഹരിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്നും ചീഫ് ഓഫീസർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0