തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

Oct 1, 2026 - 11:32
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംബന്ധിച്ച് ആശങ്ക ഉയർത്തിയാണ് ഇന്ത്യ സഖ്യം ഒന്നടങ്കം ഹർജി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹർജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്.

അതേസമയം, രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചിട്ടില്ല. ഗ്യാനേഷ് കുമാറിനെ ശക്തമായി പ്രതിരോധിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. ഇതിന്റെ ഭാഗമായി വാർത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും വ്യാപകമാക്കാൻ ബി.ജെ.പി. ഒരുങ്ങുകയാണ്. ദേശീയ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലെത്തിച്ച് വാർത്താസമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വിഷയത്തിൽ പാർട്ടിയുടെ നിലപാട് വിശദീകരിക്കും.

കേരളത്തിലേതടക്കമുള്ള വിവിധ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ച വാദം മുന്നോട്ടുവയ്ക്കാനാണ് ബി.ജെ.പി.യുടെ നീക്കം. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ, ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം വയനാട്ടിലെ തെരഞ്ഞെടുപ്പ് ഫലവും പ്രത്യേകമായി ചൂണ്ടിക്കാട്ടാനാണ് പാർട്ടി തീരുമാനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0