രാജ്യത്ത് പ്രക്ഷോഭം കനക്കുന്നു: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിൽ; ഇന്ന് കോൺഗ്രസ് കരിദിനം, ബെംഗളൂരുവിൽ സിജെപി പ്രതിഷേധം

Oct 8, 2026 - 11:01
രാജ്യത്ത് പ്രക്ഷോഭം കനക്കുന്നു: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിൽ; ഇന്ന് കോൺഗ്രസ് കരിദിനം, ബെംഗളൂരുവിൽ സിജെപി പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യത്തുടനീളം അതിശക്തമാകുന്നു. വോട്ട് ക്രമക്കേട് ആരോപിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും ഇൻഡ്യാ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തുടർച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്ത് മിന്നൽ പ്രതിഷേധങ്ങൾ അരങ്ങേറും. 

ഇന്ന് രാവിലെ ഡൽഹിയിൽ മുതിർന്ന പ്രതിപക്ഷ നേതാക്കൾ അടിയന്തര യോഗം ചേർന്ന് തുടർന്നുള്ള സമരരൂപങ്ങൾ ഏകോപിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിന്ന സമാജ്‌വാദി പാർട്ടിയും ഇന്ന് സമരമുഖത്തേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 

ഡൽഹിയിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. കോക്ക്റോച്ച് ജനതാ പാർട്ടി പ്രക്ഷോഭത്തിന്റെ ഭാഗമായി കർണാടകയിലെ ബെംഗളൂരുവിലുള്ള ഫ്രീഡം പാർക്കിൽ ഇന്ന് കൂറ്റൻ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സിഇസിയുടെ നടപടികൾക്കും എസ്‌ഐആറിനുമെതിരെ നടക്കുന്ന ഈ സമരത്തിന് പിന്തുണയുമായി പ്രമുഖ പൊളിറ്റിക്കൽ കമന്റേറ്ററും ആർഎസ്എസ് വിമർശകനുമായ ധ്രുവ് റാഠി, നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ്, സിജെപി സ്ഥാപകൻ അഭിജീത്ത് ദീപക് എന്നിവർ നേരിട്ടെത്തും. ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന വൻജനകീയ പ്രക്ഷോഭത്തിന് മുന്നോടിയായാണ് ബെംഗളൂരുവിലെ ഈ പ്രതിഷേധം. മൂവരും ചേർന്നുള്ള വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇൻഡ്യാ സഖ്യത്തിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും നിലപാട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0