മംഗലാപുരം റിഫൈനറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

Sep 30, 2026 - 16:03
മംഗലാപുരം റിഫൈനറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

മംഗലാപുരം: മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (MRPL) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ഇന്ന് ഉച്ചയോടെയാണ് റിഫൈനറി വളപ്പിൽ ശക്തമായ സ്ഫോടനമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന് പിന്നാലെ റിഫൈനറി പരിസരത്ത് നിന്ന് കനത്ത കറുത്ത പുക ഉയർന്നു.

സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സൂറത്കൽ, ജോക്കാട്ടെ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ കുലുങ്ങുകയും വാതിലുകളും ജനലുകളും ശക്തമായി വിറയ്ക്കുകയും ചെയ്തതായി നാട്ടുകാർ അറിയിച്ചു.

അപകടത്തെ തുടർന്ന് റിഫൈനറിയിൽ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും ശക്തമാക്കി. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എംആർപിഎൽ ഡിപിഎസ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകളും തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0