ഡൽഹി ഷാലിമാർ ബാഗിൽ അർധരാത്രി ബുൾഡോസർ രാജ്; മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി
ന്യൂഡൽഹി: ഡൽഹി ഷാലിമാർ ബാഗിലെ മാക്‌സ് ഹോസ്പിറ്റൽ റോഡിലുള്ള മദീന മസ്ജിദിന്റെ ഒരു ഭാഗവും സമീപത്തെ നിർമിതികളും പൊളിച്ചുനീക്കി. മാക്‌സ് ആശുപത്രിയിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നഗരസഭാ അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് ഈ നടപടി സ്വീകരിച്ചത്. കെട്ടിടങ്ങൾ അനധികൃത നിർമാണമാണെന്നും ഒഴിപ്പിക്കലിനായി മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മതിയായ സമയമോ നിയമപരമായ പരിഹാരം തേടാനുള്ള അവസരമോ നൽകാതെയാണ് പൊളിക്കൽ നടന്നതെന്ന് മസ്‌ജിദ് കമ്മിറ്റി ആരോപിച്ചു. മൂന്ന് നിലകളുള്ള മസ്ജിദ് 2001-ൽ തന്നെ നിർമിച്ചതാണെന്ന് തെളിയിക്കുന്ന സൈറ്റ് പ്ലാനുകൾ അപ്പലേറ്റ് ട്രൈബ്യൂണലിൽ സമർപ്പിച്ചിരുന്നതായും പ്രദേശത്തെ മറ്റ് വീടുകളെ ഒഴിവാക്കി മസ്ജിദിനെ മാത്രം വേർതിരിച്ചു കാണിക്കുകയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
അർധരാത്രിയിലെ പൊളിക്കൽ നടപടി പ്രദേശത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്ന് ബുൾഡോസറുകൾ സ്ഥലത്തുനിന്ന് മാറ്റി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. എങ്കിലും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് നിലനിർത്തിയിട്ടുണ്ട്. അതേസമയം 2020 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമായി മസ്ജിദുകൾ, മദ്റസകൾ, ദർഗകൾ എന്നിവയുമായി ബന്ധപ്പെട്ട് 2,100-ലധികം ഒഴിപ്പിക്കലുകളോ പൊളിച്ചുനീക്കലുകളോ നടന്നിട്ടുണ്ടെന്ന് 'മില്ലത്ത് ടൈംസ്' നടത്തിയ അന്വേഷണാത്മക റിപോർട്ടിൽ വ്യക്തമാക്കുന്നു. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന നടപടികൾ നടന്നിട്ടുണ്ട്. പൊതുമരാമത്ത്, വനം വകുപ്പുകളും വിവിധ തദ്ദേശ സ്ഥാപനങ്ങളുമാണ് കൈയേറ്റവും റോഡ് വികസനവും ചൂണ്ടിക്കാട്ടിയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0