ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിജെപി; മുംബൈയിൽ തുടക്കം

Sep 25, 2026 - 15:45
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിജെപി; മുംബൈയിൽ തുടക്കം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി. മുംബൈയിൽ നിന്ന് ആരംഭിക്കുന്ന സമരം രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കാൻ 24 മണിക്കൂർ സമയം കൂടി അനുവദിച്ചുകൊണ്ടാണ് സിജെപി തങ്ങളുടെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. 

വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വ്യാപകമായി ഒഴിവാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയാണെന്നും സിജെപി ആരോപിച്ചു.   "ഗ്യാനേഷ് കുമാർ നാളെയോടെ രാജിവെച്ചില്ലെങ്കിൽ, ഒക്ടോബർ 2-ന് മുംബൈയിൽ നിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടും. ഈ ഗാന്ധി ജയന്തി ദിനത്തിൽ നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം" എന്ന് അഭിജിത് ദീപ്കെ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിൽ കമ്മീഷനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സിജെപിയുടെ നീക്കം. ഗ്യാനേഷ് കുമാർ അധികാര ദുരുപയോഗം നടത്തുന്നതായും രാജിവെച്ചില്ലെങ്കിൽ ഡൽഹിയിൽ 'ജന്തർ മന്തർ 2.0' മോഡൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാർട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0