അനാഥത്വത്തിന്റെ തണലിൽ നിന്ന് വൈദ്യശാസ്ത്രരംഗത്തേക്ക്: മർകസ് തകാഫുൽ പദ്ധതിയിലൂടെ ഡോക്ടർമാരായ സഹോദരങ്ങളെ ചേർത്തുപിടിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി 

Sep 25, 2026 - 11:45
Sep 25, 2026 - 11:47
അനാഥത്വത്തിന്റെ തണലിൽ നിന്ന് വൈദ്യശാസ്ത്രരംഗത്തേക്ക്: മർകസ് തകാഫുൽ പദ്ധതിയിലൂടെ ഡോക്ടർമാരായ സഹോദരങ്ങളെ ചേർത്തുപിടിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി 

കോഴിക്കോട്: മർകസിന്റെ അനാഥ സംരക്ഷണ പദ്ധതിയായ 'റൈഹാൻ വാലി'യിലൂടെ വളർന്ന്, മർകസ് സ്കോളർഷിപ്പോടെ അഞ്ചുവർഷത്തെ മെഡിക്കൽ പഠനം പൂർത്തിയാക്കി ഡോക്ടർമാരായ രണ്ടു സഹോദരങ്ങളുടെ ജീവിത യാത്ര പങ്കുവെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. തങ്ങൾ സുഹൃത്തുക്കളുമായി ചേർന്ന് ആരംഭിക്കുന്ന പുതിയ ആസ്പത്രിയുടെ ഉദ്ഘാടനം അറിയിക്കാനും അനുഗ്രഹം തേടാനുമായി അടുത്തിടെ ഈ സഹോദരങ്ങൾ തന്നെ സന്ദർശിച്ചിരുന്നതായി കാന്തപുരം ഉസ്താദ് പറഞ്ഞു. പത്താം വയസ്സിൽ പിതാവ് വിടപറഞ്ഞപ്പോൾ ഉണ്ടായ ശൂന്യതയിൽ നിന്ന് തങ്ങളെ കരകയറ്റിയതും പ്രൊഫഷണൽ രംഗത്തേക്ക് എത്തുന്നതിനുള്ള പിന്തുണയും ആത്മവിശ്വാസവും നൽകിയതും മർകസ് ആണെന്ന സന്തോഷം അവർ പങ്കുവെച്ചു. റൈഹാൻ വാലിയിൽ അപ്പർ പ്രൈമറി തലം മുതൽ അധ്യയനമാരംഭിച്ച് ഹയർസെക്കണ്ടറി പഠന ശേഷമാണ് ഇരുവരും മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് കടന്നത്.

ഇത്തരത്തിൽ നൂറിലധികം അനാഥരായ വിദ്യാർഥികളാണ് മർകസിന്റെയും 'തകാഫുൽ' സ്കോളർഷിപ്പിന്റെയും പിൻബലത്തിൽ മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കി നിലവിൽ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നത്. മർകസ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന അനാഥർ, ഖുർആൻ പഠിതാക്കൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതവിദ്യാർഥികൾ എന്നിവരുടെ ഭക്ഷണ-താമസ, വിദ്യാഭ്യാസ ചെലവുകൾ സ്പോൺസർ ചെയ്യുന്ന 'തകാഫുൽ' പദ്ധതിക്ക് ഇതിനകം 15 വർഷം പൂർത്തിയായിക്കഴിഞ്ഞു. പതിനായിരത്തിലധികം ജീവകാരുണ്യപ്രവർത്തകരാണ് നിലവിൽ ഈ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്.

സാമ്പത്തിക പ്രയാസങ്ങൾ കാരണം ഒരു കുട്ടിയുടെയും ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾ തടസ്സപ്പെടരുതെന്നും, തകാഫുൽ പദ്ധതിയുടെ വാർഷിക ക്യാമ്പയിൻ കാലയളവിൽ മർകസിന്റെ ഈ സാമൂഹിക മുന്നേറ്റത്തിൽ പങ്കാളികളാകണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0