കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് സുപ്രീം കോടതി. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ചട്ടങ്ങൾ രൂപീകരിക്കണമെന്നും സർക്കാർ വീഴ്ച വരുത്തിയാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കോടതി നേരിട്ട് ഉത്തരവുകളിറക്കുമെന്നും മുന്നറിയിപ്പ് നൽകി. 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഈ നിർണായക പരാമർശം.
12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നത് ആശങ്കാജനകമാണെന്നും സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സായി കർശനമാക്കണമെന്നും കുട്ടികളെ ബാധിക്കുന്ന അശ്ലീല/മോശം ഉള്ളടക്കങ്ങളും ലൈംഗിക ചൂഷണ ദൃശ്യങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നത് തടയാൻ ഇൻ്റർമീഡിയറി റൂളുകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചട്ടങ്ങൾ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി കേസ് വീണ്ടും അടുത്ത മാസം പരിഗണിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0