മലേഷ്യൻ ദേശീയ ഖുർആൻ സെമിനാർ: ഭീകരതയെ ഖുർആൻ പിന്തുണയ്ക്കുന്നില്ലെന്ന് ഖലീലുൽ ബുഖാരി തങ്ങൾ

Jul 18, 2026 - 11:17
Jul 18, 2026 - 11:17
മലേഷ്യൻ ദേശീയ ഖുർആൻ സെമിനാർ: ഭീകരതയെ ഖുർആൻ പിന്തുണയ്ക്കുന്നില്ലെന്ന് ഖലീലുൽ ബുഖാരി തങ്ങൾ

കോലാലംപൂർ: തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്റെ യാതൊരുവിധ പിന്തുണയുമില്ലെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രസ്താവിച്ചു. മലേഷ്യയിലെ പഹാങ് അല്‍ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യജീവന്റെ മൂല്യത്തിനും സമാധാനത്തിനും നീതിക്കുമാണ് ഇസ്‌ലാം പരമമായ പ്രാധാന്യം നല്‍കുന്നത്. അക്രമവും ഭീകരതയും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. ഖുര്‍ആനിലെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ യഥാര്‍ഥ ഇസ്‌ലാമിക ദര്‍ശനങ്ങളെയാണ് തമസ്‌കരിക്കുന്നത്. സഹിഷ്ണുതയും കാരുണ്യവുമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹാങ് അല്‍ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ദാതോ ഡോ. ഹാജി മുഹമ്മദ് സാവാവി ബിന്‍ സൈനുല്‍ ആബിദീന്‍, അസിസ്റ്റന്റ് വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ഫള്ലി ബിന്‍ ഇസ്മാഈല്‍, യൂണിവേഴ്സിറ്റി ദഅവാ വിഭാഗം തലവന്‍ പ്രൊഫ. ഡോ മുഹമ്മദ് ഇബ്‌റാഹീം സഖ്ര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് യൂണിവേഴ്സിറ്റി മസ്ജിദില്‍ നടന്ന ജുമുഅ നമസ്കാരത്തിനും ഖുത്വുബക്കും ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി.  യൂണിവേഴ്സിറ്റി ഭാരവാഹികളും പ്രമുഖ ഗവേഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0