നേപ്പാളിൽ മിന്നൽ പ്രളയം: മരണസംഖ്യ 157 ആയി; കാണാതായവരിൽ 133 ഇന്ത്യക്കാരും

Aug 27, 2026 - 10:46
നേപ്പാളിൽ മിന്നൽ പ്രളയം: മരണസംഖ്യ 157 ആയി; കാണാതായവരിൽ 133 ഇന്ത്യക്കാരും

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ 157 ആയി ഉയർന്നു. കാണാതായ 750-ഓളം പേർക്കായി അടിയന്തര തിരച്ചിൽ തുടരുകയാണ്. കാണാതായവരിൽ കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ 133-ഓളം ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. ടിബറ്റൻ അതിർത്തിയിലെ ലെന്ദേ നദിയിലുണ്ടായ മണ്ണിടിച്ചിലിനെയും ഭൗമമാറ്റങ്ങളെയും തുടർന്നാണ് ഭോട്ടി കോസി, ത്രിശൂലി നദികളിൽ അപ്രതീക്ഷിതമായി വൻതോതിൽ പ്രളയജലവും ചെളിയും ഇരച്ചെത്തിയത്. രസുവ, ധാദിങ്, നുവാകോട്ട് തുടങ്ങിയ ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്.

പ്രളയത്തിന്റെ കുത്തൊഴുക്കിൽ 19-ഓളം പ്രധാന പാലങ്ങളും 42 കിലോമീറ്ററോളം റോഡുകളും പൂർണമായി ഒലിച്ചുപോയി. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. എട്ടോളം ജലവൈദ്യുത നിലയങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും നിർമാണത്തിലിരുന്ന പദ്ധതികൾ വെള്ളത്തിലാകുകയും ചെയ്തു. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി മരുന്നുകൾ, ടെന്റുകൾ, ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയച്ചിട്ടുണ്ട്. ഇതിന് നേപ്പാൾ സർക്കാർ നന്ദി രേഖപ്പെടുത്തി.  

നേപ്പാൾ സൈന്യവും പൊലീസും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. നദികളിൽ ഇപ്പോഴും ജലനിരപ്പ് ഉയർന്ന അവസ്ഥയിലായതിനാൽ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേപ്പാളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ അറിയുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ (+977 9851316807, +977 9709107500) തുറന്നിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0