സഭയെ തെറ്റിദ്ധരിപ്പിക്കുന്നു, മദ്യക്കമ്പനികളെ സഹായിക്കാൻ മുഖ്യമന്ത്രിക്ക് അനാവശ്യ ധൃതിയും വാശിയുമെന്ന് പിണറായി വിജയൻ

Jul 2, 2026 - 12:36
സഭയെ തെറ്റിദ്ധരിപ്പിക്കുന്നു, മദ്യക്കമ്പനികളെ സഹായിക്കാൻ മുഖ്യമന്ത്രിക്ക് അനാവശ്യ ധൃതിയും വാശിയുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി ധനകാര്യ ബിൽ പാസാക്കിയത് മദ്യക്കമ്പനികളെ സഹായിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തുടക്കത്തിൽ തന്നെ എതിർക്കുകയെന്ന സമീപനമല്ല പ്രതിപക്ഷം സ്വീകരിച്ചത്. എന്നാൽ തങ്ങൾക്കുണ്ടായ അനുഭവം വളരെ കടുത്തതാണ്. നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളാണ് നയമെന്ന രീതിയിൽ സർക്കാർ പ്രഖ്യാപിക്കുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് മാത്രമാണ് സാധാരണ നിലയിൽ നികുതി നിർദേശങ്ങളുള്ള ധനകാര്യ ബിൽ പാസാക്കുക. എന്നാൽ ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള ഒളിച്ചുകടത്തലാണ് ഉണ്ടായത്. ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രിയാണ് ഇതിൽ നിർബന്ധബുദ്ധിയും കടുംപിടിത്തവും കാണിച്ചത്. ബജറ്റ് നിർദ്ദേശം യു.ഡി.എഫിൽ ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന കേവലം അടവും പുകമറ സൃഷ്ടിക്കലുമാണ്. ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ പാസാക്കിയാൽ അത് നിയമമായി മാറും. നിയമത്തിന്റെ ഭാഗമാകുന്ന നികുതി നിർദ്ദേശം പിന്നീട് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മൂലം മാത്രം മരവിപ്പിക്കാൻ യു.ഡി.എഫിന് കഴിയില്ല. ബിൽ പാസാക്കിയ ശേഷം ഇനി എന്ത് ചർച്ചയ്ക്കാണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. ബെവ്‌കോ മാത്രമാണ് സംസ്ഥാനത്ത് മദ്യവിൽപ്പനക്കാർ എന്നരിക്കെ ഈ ഒളിച്ചുകടത്തൽ എന്തിനാണെന്നും സർക്കാരിന്റേത് വൻ അഴിമതിക്ക് തുടക്കം കുറിക്കുന്ന നടപടിയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0