‘ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം ദുർബലമായി, പലസ്തീന്‍ ജനതയ്ക്ക് ഇന്ത്യ പരസ്യ പിന്തുണ പ്രഖ്യാപിക്കണം’; മോദിക്കെതിരെ സോണിയ ഗാന്ധി
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സോണിയാ ഗാന്ധി. പശ്ചിമേഷ്യയിൽ ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം ദുർബലമായെന്നും പ്രധാനമന്ത്രിയുടെ മൗനം ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയാ ഗാന്ധി വിമർശിച്ചു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകളിൽ ഇന്ത്യയ്ക്ക് വലിയൊരു പങ്കുവഹിക്കാമായിരുന്നു. ഇന്ത്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന ഈ വലിയ നയതന്ത്ര അവസരം അയൽരാജ്യമായ പാകിസ്താൻ കൃത്യമായി ഉപയോഗപ്പെടുത്തി. മേഖലയിലെ സമാധാന നീക്കങ്ങളിൽ പാകിസ്താൻ സ്വാധീനം ഉറപ്പിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം തകരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങളെ ബലികഴിക്കുന്നതിന് തുല്യമാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന പരമ്പരാഗതവും ദൃഢവുമായ ബന്ധത്തെ ഈ നിലപാട് ദുർബലപ്പെടുത്തി. ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഇന്ത്യ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറാകണമെന്നും ഇംഗ്ലീഷ് പത്രത്തിലെ ലേഖനത്തിലൂടെ സോണിയ ഗാന്ധി വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0