ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു; അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ എസ് വൈ എസ് ധർണ്ണ നടത്തി
കൊച്ചി: ലക്ഷദ്വീപിലെ മദ്യനിരോധന നിയമം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും സമ്പൂർണ്ണ മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ എസ് വൈ എസ് ധർണ്ണ നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാൻ സഖാഫി അധ്യക്ഷത വഹിച്ചു. വി എച്ച് അലി ദാരിമി, സയ്യിദ് സി ടി ഹാഷിം തങ്ങൾ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, എം എം അബ്ദുൽ കരീം ഹാജി മണക്കാടൻ, സി എ ഹൈദ്രോസ് ഹാജി, കെ സി അബ്ദുൽ ഖാദിർ സഖാഫി അഗത്തി, ഹാഷിം അഹ്സനി കവരത്തി പ്രസംഗിച്ചു.
ലക്ഷദ്വീപിൽ അര നൂറ്റാണ്ടായി നിലവിലുള്ള മദ്യ നിരോധന നിയമം റദ്ദാക്കിക്കൊണ്ടുള്ള നടപടിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും 1979ലെ മദ്യനിരോധന നിയമം പിൻവലിച്ചുകൊണ്ട് ഈയിടെ പ്രാബല്യത്തിൽ വരുത്തിയ 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' നിയമം പിൻവലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവും ഏറ്റവും സുരക്ഷിതവുമായ പ്രദേശമാണ് ലക്ഷദ്വീപ് എന്ന് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ സമാധാന ജീവിതം നയിക്കുന്ന ദ്വീപ് ജനതയുടെ സ്വാസ്ഥ്യം കെടുത്താനും പവിത്രത കളങ്കപ്പെടുത്താനും മാത്രമേ ഉപകരിക്കൂവെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0