അതിഥി തൊഴിലാളി പരാമർശം: മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമെന്ന് കെ സച്ചിദാനന്ദൻ
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും (റിവേഴ്സ് റെമിറ്റൻസ്) ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. പുറത്തുനിന്ന് വരുന്ന ജോലിക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും അപമാനകരവും ലജ്ജാകരവുമാണെന്നും അത് ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.
"അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലമാണ് അവർക്ക് നാം നൽകുന്നത്. അതും ഇവിടെ നിലവിലുള്ള നിരക്കിൽ മാത്രം, ചിലപ്പോൾ അതിലും കുറവും. കുടുംബം പുലർത്താനാണ് അവർ നാടുവിട്ട് ഇവിടെ വന്നു പണിയെടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളിൽ പോയി പണിയെടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയർ കഴിഞ്ഞുപോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവർ വിദേശികളല്ല" കെ. സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നുമായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. നിലവിൽ 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. ഈ പ്രസ്താവന വംശീയതയും അപരവിദ്വേഷവും നിറഞ്ഞതാണെന്ന രീതിയിൽ വിവിധ കോണുകളിൽ നിന്ന് ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0