അഹ്ദൽ തങ്ങളുടെ കർമ്മഭൂമി സജ്ജം; ജില്ലാ സാഹിത്യോത്സവിന് നാളെ പതാക ഉയരും

Jun 30, 2026 - 16:28
Jun 30, 2026 - 16:59
അഹ്ദൽ തങ്ങളുടെ കർമ്മഭൂമി സജ്ജം; ജില്ലാ സാഹിത്യോത്സവിന് നാളെ പതാക ഉയരും

കാസർകോട്: സുന്നി വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാ സാഹിത്യ മത്സര പരിപാടിയായ മുപ്പത്തിമൂന്നാമത് സാഹിത്യോത്സവിന് നാളെ രാവിലെ 10.30 ന് കൊടി ഉയരും. പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച് ആത്മധൈര്യം പകർന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ മഖാം സിയാറത്ത് രാവിലെ 10 മണിക്ക് നടക്കും. സയ്യിദ് അബ്ദുൽ അസീസ് ഹൈദ്രൂസി തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ അഹ്‌സനി പതാക ഉയർത്തും. 

വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ധാർമിക കലാ-സാഹിത്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സാഹിത്യ-സാംസ്കാരിക സംഗമങ്ങളിലൊന്നാണ്. പുതിയ കാലഘട്ടത്തിൽ അറിവും അനുഭവവും കഴിവും സർഗാത്മകതയും ഒരുമിക്കുന്ന വേദിയായി സാഹിത്യോത്സവ് മാറിക്കൊണ്ടിരിക്കുകയാണ്. ഫാമിലി, ബ്ലോക്ക് സാഹിത്യോത്സവങ്ങൾക്ക് ശേഷം 543 യൂണിറ്റുകളിലും 55 സെക്ടറുകളിലും 9 ഡിവിഷനുകളിലുമായി മത്സരങ്ങൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. 9 ഡിവിഷനുകളിൽ നിന്നായി 2,000-ത്തിലധികം മത്സരാർത്ഥികൾ 14 വേദികളിലായി 183 മത്സരയിനങ്ങളിൽ പങ്കെടുക്കും.

'Beyond the Border' എന്നതാണ് ഈ വർഷത്തെ സാഹിത്യോത്സവ് പ്രമേയം. ഒരതിർത്തി ദേശമായ കാസർകോട് പല ഭാഷകളിലേക്കും സംസ്കാരങ്ങളിലേക്കും വാതിൽ തുറന്നിട്ട മണ്ണാണ്. കടലാഴമുള്ള സാംസ്കാരിക പാരമ്പര്യവും മാപ്പിളപ്പാട്ടിന്റെ പേറ്റുനോവുള്ള മണ്ണും അനേകം കവികളുടെ കാൽപ്പാടുകൾ പതിഞ്ഞ സാഹിത്യഭൂമികയും ലോകത്തെ കണ്ട പണ്ഡിതരുടെ വിജ്ഞാനപാരമ്പര്യവും കാസർകോടിനുണ്ട്. സർഗസമ്പന്നമായ ഈ മണ്ണിന്റെ അടയാളങ്ങൾ പുതിയ തലമുറയുടെ ചിന്തയിലും സൃഷ്ടിയിലും കൂടുതൽ തെളിയണമെന്ന സന്ദേശമാണ് ഈ വർഷത്തെ സാഹിത്യോത്സവ് മുന്നോട്ടുവെക്കുന്നത്. ഈ ചിന്തകളെ മുൻനിർത്തിയാണ് “Beyond the Border” എന്ന പ്രമേയത്തിൽ ഇത്തവണത്തെ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. അതിർത്തികളെ വേർതിരിവിന്റെ രേഖകളായല്ല, വൈവിധ്യങ്ങളുടെ സംഗമഭൂമിയായും പുതിയ സാധ്യതകളിലേക്കുള്ള തുറന്ന വഴിയായും കാണുന്ന കാഴ്ചപ്പാടാണ് പ്രമേയം ഉയർത്തിപ്പിടിക്കുന്നത്.

നാളെ രാവിലെ ഉലമ സമ്മേളനം നടക്കും. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ ഉദ്‌ഘാടനം ചെയ്യും. ജൂലൈ 2-ന് 'ലോകത്തെ കണ്ട കണ്ണട: എം.എ. ഉസ്താദിന്റെ ലോകം' എന്ന വിഷയത്തിൽ സമസ്‌ത സെൻ്റിനറി സെമിനാർ സംഘടിപ്പിക്കും. ജൂലൈ 3-ന് വൈകിട്ട് 4 മണിക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. ജില്ലയിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് 'നമ്മൾ നാടായ കഥ' എന്ന ശീർഷകത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എ കെ എം അഷ്റഫ് എം എൽ എ, മാഹിൻ ഹാജി കല്ലട്ര എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം, അംഗങ്ങളായ അസീസ് കളത്തൂർ, സോമശേഖര ജെഎസ് എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് ആത്മീയ സമ്മേളനത്തിൽ നൗഫൽ സഖാഫി കളസയുടെ പ്രഭാഷണം നടക്കും. ജൂലൈ 4 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സംഗമത്തിൽ പ്രശസ്ത കുടിയേറ്റ പഠനവിദഗ്ധൻ പ്രൊഫ. എസ്. ഇരുദയ രാജൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ് നിസാമി തെന്നല പ്രമേയ പ്രഭാഷണം നടത്തും. ജൂലൈ 04,05 ദിവസങ്ങളിൽ വിവിധ സാംസ്ക്കാരിക സംഗമങ്ങളിലായി പി .എൻ ഗോപികൃഷ്‌ണൻ, പി വി ഷാജികുമാർ, മാധവൻ പുറച്ചേരി, സന്ദീപ് വാര്യർ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ, കെ നീലകണ്ഡൻ എം എൽ എ, രവീന്ദ്രൻ രാവണേശ്വരം, നവാസ് മന്നാൻ, ബാസിം നൂറാനി, ഉണ്ണികൃഷ്ണൻ പുറച്ചേരി, ബശീർ ഒമാനൂർ, സിദ്ധീഖ് ബുഖാരി, മൂസ നവാസ്, ശബീർ നൂറാനി, സി.എൻ ജഅഫർ, റമീസ് കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിക്കും. ജൂലൈ 05 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സുലൈമാൻ കരിവള്ളൂർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സിദ്ധീഖ് സഖാഫി ബായാർ, അബ്ദുൽ റഹ്മാൻ അഹ്സനി, മൂസ സഖാഫി കളത്തൂർ, ഡോ. അബൂബക്കർ എന്നിവർ സംബന്ധിക്കും. 

ഇതുമായി സംബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിൽ മൂസ സഖാഫി കളത്തൂർ (ജനറൽ കൺവീനർ- സ്വാഗത സംഗം) ബാദുഷ സുറൈജി സഖാഫി (ജനറൽ സെക്രട്ടറി എസ്എസ്എഫ് കാസർഗോഡ്) ഫായാസ് പട്ല, മുർഷിദ് പുളിക്കൂർ, മൻഷാദ് അഹ്സനി, ജംഷീദ് ചെടേക്കൽ, ഉമൈർ സഖാഫി കളത്തൂർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0