എയിംസ് സാധ്യത പട്ടികയിൽ കാസർകോടും; ജനകീയ കൂട്ടായ്മയുടെ നിയമപോരാട്ടത്തിനും സമരങ്ങൾക്കും ഫലം കാണുന്നു
കാസർഗോഡ്: ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന നിയമപോരാട്ടങ്ങളും ജനകീയ സമരങ്ങളും നിർണായക വിജയത്തിലേക്ക് കടക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരിക്കാലത്ത് കാസർഗോഡ് ജില്ലയിലെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികൾ കൂടുതൽ വ്യക്തമായ സാഹചര്യത്തിലാണ് ജില്ലയ്ക്ക് സമഗ്രമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ എയിംസ് അനിവാര്യമെന്ന ആവശ്യവുമായി കൂട്ടായ്മ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയത്.
കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന കാലതാമസത്തിനെതിരെയും, എയിംസിനായുള്ള പരിഗണനാ പട്ടികയിൽ കാസർഗോഡ് ജില്ലയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും ജനകീയ കൂട്ടായ്മ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം നിസ്സാരമായി കാണാനാകില്ലെന്ന് നിരീക്ഷിക്കുകയും, കേന്ദ്ര സർക്കാർ വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിക്കണമെന്നും സംസ്ഥാനം നിർദേശിക്കുന്ന സ്ഥലങ്ങളിൽ ശാസ്ത്രീയമായ സാധ്യതാ പഠനം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് നിർദേശിക്കുകയും ചെയ്തതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ജനകീയ കൂട്ടായ്മയുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേരളം കേന്ദ്രത്തിന് സമർപ്പിക്കുന്ന പുതിയ എയിംസ് പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയെയും ഉൾപ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായി അറിയിച്ചു. അതോടൊപ്പം, ഉദുമ എം.എൽ.എ കെ. നീലകണ്ഠന്റെ ഇടപെടലിനെ തുടർന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കാസർഗോഡിന് പ്രത്യേക പരിഗണന നൽകുമെന്നും എയിംസിനായി കേന്ദ്രത്തിന് സമർപ്പിക്കുന്ന പുതിയ പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തുമെന്നും അറിയിച്ചതായും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ നിർണായക ഘട്ടത്തിൽ ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണ നൽകിയ എ.കെ.എം. അഷറഫ് എം.എൽ.എ, കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, സന്ദീപ് വാര്യർ എന്നിവർക്കും മറ്റ് ജനപ്രതിനിധികൾക്കും കൂട്ടായ്മ നന്ദി രേഖപ്പെടുത്തി.
എയിംസ് പരിഗണനാ പട്ടികയിൽ കാസർഗോഡിന്റെ പേര് ഉൾപ്പെടുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വവും ജില്ലയിലെ എം.പിയും രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഈ വിഷയത്തിൽ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് കൂട്ടായ്മ അഭ്യർഥിച്ചു. കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർഗോഡ് ജില്ലയ്ക്ക് തന്നെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഒരുമിച്ച് മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേശൻ അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലിം ചൗക്കി, വൈസ് പ്രസിഡന്റ് നാസർ ചെർക്കളം, സെക്രട്ടറി എസ് ആർ ജയാ ആന്റോ മംഗലത്ത് എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0