മരുന്ന് മാറി നൽകിയതായി പരാതി; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു
കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്ന് മാറിനൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരണത്തിന് കീഴടങ്ങി. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് ഇന്ന് പുലർച്ചെയോടെ മരണപ്പെട്ടത്.
നാദാപുരം സർക്കാർ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ജൂൺ 23-നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹത്തെ നാദാപുരത്ത് പ്രവേശിപ്പിച്ചത്. നൽകേണ്ട ചികിത്സയെക്കുറിച്ച് മെഡിക്കൽ കോളേജിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചന്ദ്രന് ഉറക്കഗുളിക ഉൾപ്പെടെയുള്ള മറ്റൊരു മരുന്ന് മാറി എഴുതി നൽകുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ ചന്ദ്രന്റെ ആരോഗ്യനില അതിവേഗം വഷളാവുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0