ബാങ്ക് വിളിക്കിടെ മരണം; അബ്ദുൽ ലത്വീഫ് മദനിയുടെ മയ്യിത്ത് ഖബറടക്കി
മംഗലാപുരം: കഴിഞ്ഞ ദിവസം അസർ ബാങ്ക് വിളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട അബ്ദുൽ ലത്വീഫ് മദനിയുടെ മയ്യിത്ത് ഖബറടക്കി. മംഗളൂരു ബിസി റോഡ് സ്വദേശിയായ അബ്ദുൽ ലത്വീഫ് മദനിയാണ് (51) ജോലി സ്ഥലമായ ഉത്തര കന്നഡ ജില്ലയിലെ ഹൊനാവർ താലൂക്കിലെ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ ബാങ്ക് വിളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ ഇമാമിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പതിവായി ബാങ്ക് വിളിക്കാറുള്ള മുഅദ്ദിൻ അവധിയിലായിരുന്നതിനാലാണ് ഇമാമായ ലത്വീഫ് മദനി ബാങ്ക് വിളിച്ചത്. ബാങ്ക് വിളി പകുതിയായപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെട്ട മദനി മൈക്കിന് താഴെ ഇരിക്കുകയായിരുന്നു. ഈ രംഗം കണ്ട് പള്ളിയിലുണ്ടായിരുന്നവർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി മദനിയുടെ ശിഷ്യരും പണ്ഡിതരും പ്രദേശവാസികളും ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ മയ്യിത്ത് നിസ്‌കാരം നടന്നു. പിന്നീട് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി ഖബറടക്കി. ഭാര്യയും ഒരു മകനും മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് അബ്ദുൽ ലത്വീഫ് മദനിയുടെ കുടുംബം.
What's Your Reaction?
Like
1
Dislike
0
Love
0
Funny
1
Angry
0
Sad
0
Wow
1