നിരാഹാര സമരത്തിനിടെ അഭിജീത് ദീപ്കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം 

Jul 18, 2026 - 17:12
നിരാഹാര സമരത്തിനിടെ അഭിജീത് ദീപ്കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം 

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നേരെ അജ്ഞാതയായ ഒരു സ്ത്രീയുടെ കയ്യേറ്റ ശ്രമം. വേദിയിൽ വെച്ച് ഇവർ അഭിജീതിന് നേരെ മഷി കുടയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സമരവേദിയിൽ കടുത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്തിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുകിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് അഭിജീത് ദീപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഈ സമരവേദിയിൽ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് യുവതി സ്റ്റേജിലേക്ക് അതിക്രമിച്ചു കയറി കയ്യേറ്റത്തിന് മുതിർന്നതും മഷിയൊഴുക്കിയതും. പെട്ടെന്നുണ്ടായ ആക്രമണത്തെ തുടർന്ന് സി.ജെ.പി പ്രവർത്തകർ സ്ത്രീയെ തടയാനും തിരികെ കയ്യേറ്റം ചെയ്യാനും മുതിർന്നുവെങ്കിലും അഭിജീത് ദീപ്കെ തന്നെ അവരെ ശാന്തരാക്കി തടയുകയായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ തന്നെ ഇടപെട്ട് സ്ത്രീയെ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു.

തനിക്കെതിരെ ഉണ്ടായ ഈ മഷി ആക്രമണത്തെ ഒരു 'അംഗീകാരമായി' കാണുന്നു എന്നാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്. പണം നൽകി ബിജെപിക്കാർ പ്രതിഷേധം തകർക്കാൻ ഗുണ്ടകളെ സമരവേദിയിലേക്ക് വിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷാ പരിഷ്കരണങ്ങളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസത്തോളമായി സി.ജെ.പി സമരം നടത്തിവരികയാണ്. ജൂലൈ 20-ന് പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വക്താക്കൾ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0