വഖഫ് ബോര്‍ഡ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

Jul 17, 2026 - 14:23
Jul 17, 2026 - 14:24
വഖഫ് ബോര്‍ഡ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ വിവാദമായ വഖഫ് നിയമ ഭേദഗതി അനുസരിച്ച് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള സംഘപരിവാർ അജണ്ട നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മതേതര മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കേണ്ട സർക്കാർ, സംഘപരിവാർ അജണ്ടകൾക്ക് പൂർണ്ണമായി കീഴടങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന് വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രാഥമികമായി ഒരു മുസ്ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് അമുസ്ലിം അംഗങ്ങളെ തിരുകിക്കയറ്റാനുള്ള കേന്ദ്ര നിയമം അതേപടി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അനാവശ്യ ധൃതി കാണിക്കുകയാണ്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളും സ്ഥാപനങ്ങളും അതത് സമുദായത്തിൽപ്പെട്ടവരാണ് നിയന്ത്രിക്കുന്നത്. വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് മതേതരത്വത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്. വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, സംസ്ഥാന സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിക്കുകയാണ്. മുമ്പ് നിയമസഭയിൽ ഇതിനെതിരെ പ്രമേയം പാസാക്കിയവർ തന്നെ ഇപ്പോൾ നിലപാട് മാറ്റുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡിന്റെ സ്വയംഭരണാധികാരത്തെ തകർക്കാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0