സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു; നയപരമായ തീരുമാനങ്ങൾക്ക് വിലക്ക്

Jul 16, 2026 - 12:25
Jul 16, 2026 - 12:27
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു; നയപരമായ തീരുമാനങ്ങൾക്ക് വിലക്ക്

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ബോർഡിന്റെ നിലവിലെ ഘടന നിയമപരമല്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ബി ജെ പി നേതാവ് ഷോൺ ജോർജും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് എന്ന സംഘടനയും ഉൾപ്പെടെ നൽകിയ വിവിധ ഹരജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ബോർഡിന് ഇനിമുതൽ നയപരമായ തീരുമാനങ്ങൾ എടുക്കാനോ, വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സാധിക്കില്ല. കൂടാതെ ബോർഡിന്റെ ജുഡീഷ്യൽ അധികാരങ്ങളും തടഞ്ഞിട്ടുണ്ട്. കേസിൽ അന്തിമ തീരുമാനമാകും വരെ വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് ബോർഡിന്റെ താൽക്കാലിക ചുമതല കോടതി കൈമാറി.

കേന്ദ്ര സർക്കാരിന്റെ പുതിയ വഖഫ് നിയമ ഭേദഗതി (UMEED Act) അനുസരിച്ച് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെയും ഒരു ഷിയാ വിഭാഗം പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്ന നിർദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട ബോർഡിന്റെ നിലപാടുകളും ഹർജിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതേസമയം, നിയമപ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത ആഴ്ച കോടതി വീണ്ടും പരിഗണിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0