നോവായി ദേവാൻഷ്; അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരണത്തിന് കീഴടങ്ങി
കണ്ണൂർ: പയ്യന്നൂരിൽ മുഖത്തെ മുറിവിന് തുന്നലിടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരണത്തിന് കീഴടങ്ങി. പയ്യന്നൂർ എരമം സ്വദേശികളായ തട്ടാരത്ത് സൂരജ് – വിജിഷ ദമ്പതികളുടെ ഏകമകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. വിവാഹം കഴിഞ്ഞ് ആറ് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ജനിച്ച കൺമണിയായിരുന്നു ദേവാൻഷ്.
കഴിഞ്ഞ ജൂലൈ 5-നാണ് വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ വീണ് ദേവാൻഷിന്റെ മുഖത്തും ചുണ്ടിലും ചെറിയ മുറിവേറ്റത്. തുടർന്ന് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവിൽ തുന്നലിടുന്നതിനായി കുഞ്ഞ് അമിതമായി കരഞ്ഞതിനെ തുടർന്ന് അനസ്തേഷ്യ നൽകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. അമ്മയുടെ മടിയിൽ വെച്ചാണ് കുഞ്ഞിന് അനസ്തേഷ്യ നൽകിയത്. എന്നാൽ മരുന്ന് നൽകിയതിന് തൊട്ടുപിന്നാലെ കുഞ്ഞ് പൂർണ്ണമായും അബോധാവസ്ഥയിലാവുകയും ശ്വാസതടസ്സവും ഹൃദയസ്തംഭനവും സംഭവിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
ചികിത്സയിൽ ഗുരുതരമായ വീഴ്ചയും അനസ്തേഷ്യയുടെ അളവിൽ ഉണ്ടായ പിഴവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടറർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0