മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമി സന്ദർശിക്കും; കള്ളാടിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതം

Jul 8, 2026 - 10:33
Jul 8, 2026 - 10:35
മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമി സന്ദർശിക്കും; കള്ളാടിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതം

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശം മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം അപകടസ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം. ദുരന്തബാധിത മേഖലയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്ന മുഖ്യമന്ത്രി നിലവിൽ പുരോഗമിക്കുന്ന രക്ഷാപ്രവർത്തനങ്ങളും അവലോകനം ചെയ്യും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ നാല് പേർ മരണപ്പെടുകയും ഏഴിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെത്തുടർന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും ഇന്നലെ രാത്രിയോടെ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.

ദുരന്തഭൂമിയിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടസ്ഥലം നാല് സോണുകളായി തിരിച്ചാണ് എൻ.ഡി.ആർ.എഫും ഫയർഫോഴ്സും പ്രാദേശിക രക്ഷാപ്രവർത്തകരും തിരച്ചിൽ നടത്തുന്നത്. മേഖലയിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നത് അധികൃതർ പൂർണ്ണമായി വിലക്കിയിട്ടുണ്ട്. 

കരാർ കമ്പനി മുൻകരുതലുകൾ അവഗണിച്ച് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാ പ്രവചനങ്ങൾ അവഗണിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ കർശന പരിശോധന ഉണ്ടാകുമെന്നാണ് വിവരം. ദുരന്തത്തിൽപ്പെട്ടവർക്കുള്ള സർക്കാർ സഹായം ഇന്ന് പ്രഖ്യാപിക്കും. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് കരാർ കമ്പനിയും അറിയിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0