വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ; നാലു മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
മേപ്പാടി: വയനാട്ടിൽ തുടരുന്ന അതിതീവ്ര മഴയെത്തുടർന്ന് നിർമാണത്തിലിരിക്കുന്ന വയനാട് തുരങ്കപാത ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി മേഖലയിൽ വൻ മണ്ണിടിച്ചിൽ. അപകടത്തിൽ നാലു മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളാടി മീനാക്ഷി പാലത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മലവെള്ളപ്പാച്ചിലിനൊപ്പം വൻതോതിൽ മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടസ്ഥലത്തുണ്ടായിരുന്ന അഞ്ചുപേരെ പരിക്കുകളോടെ മണ്ണിൽ നിന്ന് ജീവനോടെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, നിർമാണ തൊഴിലാളികളടക്കം നിരവധിപ്പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. തൊഴിലാളികളെ കൊണ്ടുപോകാനായി നിർത്തിയിട്ടിരുന്ന വാഹനങ്ങളും ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ഒപ്പം മീനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരുന്നു. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. എന്നാൽ മേഖലയിൽ തുടരുന്ന കനത്ത മഴയും മൂടൽമഞ്ഞും മണ്ണുമാറ്റൽ യന്ത്രങ്ങൾ എത്തിക്കുന്നതിനുള്ള തടസ്സങ്ങളും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് മീനാക്ഷി പാലം കടുത്ത അപകടാവസ്ഥയിലായതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപത്തെ വീടുകളിൽ നിന്നും ഹോംസ്റ്റേകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർക്കുകയും റവന്യൂ, കൃഷി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലം എം.എൽ.എ ടി. സിദ്ദിഖും ജില്ലാ കളക്ടറും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0