എൻ.ടി.എയിൽ വൻ അഴിച്ചുപണി; പരീക്ഷാ ക്രമക്കേടിൽ 47 ഉദ്യോഗസ്ഥരെ പുറത്താക്കി
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും ചൊല്ലി രാജ്യം ഒട്ടാകെ വൻ പ്രതിഷേധം നിലനിൽക്കുന്നതിനിടെ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിടപ്പെട്ടവരിൽ ഗുരുതരമായ വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾക്ക് പുറമെ കരിനിയമങ്ങൾ പ്രകാരം ശക്തമായ ക്രിമിനൽ കേസുകളും നിയമനടപടികളും ഉണ്ടാകുമെന്നാണ് സൂചന.
ഏജൻസിയുടെ സുതാര്യതയും വിശ്വാസ്യതയും തിരിച്ചുപിടിക്കുന്നതിനായി യു.പി.എസ്.സി-യുടെ പ്രത്യേക പോർട്ടൽ വഴി 4 ജനറൽ മാനേജർമാരെയും 16 യുവ പ്രൊഫഷണലുകളെയും പുതുതായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്സ്, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയിലെ വിദഗ്ധരെയാണ് ആദ്യഘട്ടത്തിൽ നിയമിക്കുന്നത്. വരും വർഷങ്ങളിൽ പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനും താൽക്കാലിക/ഔട്ട്‌സോഴ്സിങ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും എൻടിഎ ലക്ഷ്യമിടുന്നു.
രാജ്യത്തെ യുവതലമുറയുടെ ഭാവി വെച്ചുകളിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അതിവേഗം വിചാരണ ചെയ്യുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് പരീക്ഷാ ഏജൻസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ കേന്ദ്രത്തിന്റെ കടുത്ത നടപടി. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0