പി എം ശ്രീ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എം എസ് എഫ്; സമരത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. കോഴിക്കോട് നടന്ന എം എസ് എഫ് ക്യാമ്പസ് ലീഡേഴ്സ് മീറ്റിൽ സംസാരിക്കവേയാണ് അദ്ദേഹം സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടതില്ലെന്നും, വേണ്ടി വന്നാൽ ശക്തമായ തെരുവ് സമരത്തിന് എം എസ് എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാരമോ ഭരണമോ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്ന സ്വഭാവം എം എസ് എഫിനില്ലെന്നും പി എം ശ്രീ പദ്ധതിക്കെതിരെയുള്ള മുൻ സംസ്ഥാന നേതൃത്വങ്ങളുടെ അതേ എതിർപ്പ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ഷറഫുദ്ദീൻ വ്യക്തമാക്കി. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ അതിനെതിരെ കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് ലീഗ് സമ്മേളനങ്ങളിലും പി എം ശ്രീ പദ്ധതിക്കെതിരെ വിമർശനമുയർന്നിരുന്നു. വിഷയത്തിൽ യുഡിഎഫിലും ലീഗിലും ഭിന്നസ്വരങ്ങൾ നിലനിൽക്കുന്നതിനിടെയാണ് എം എസ് എഫ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0