റാണിപുരം റോഡിൽ യുവാക്കളുടെ സാഹസികയാത്ര; കേസെടുത്ത് പൊലീസ്
കാസർഗോഡ്: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള പാതയിൽ വിനോദസഞ്ചാരികളുടെ അപകടകരമായ രീതിയിലുള്ള സാഹസികയാത്രയും അഭ്യാസപ്രകടനങ്ങളും വർധിക്കുന്നു. കാറിന്റെ ഡോറിലിരുന്നും വിൻഡോയിലൂടെയും സൺറൂഫിലൂടെയും പകുതിയോളം ശരീരം പുറത്തേക്കിട്ട് അതിവേഗത്തിൽ പാതയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ കർണാടക സ്വദേശികളായ നാലു യുവാക്കൾക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ രണ്ട് കാറുകളിലെത്തിയ യുവാക്കളാണ് റാണിപുരം റോഡിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി സാഹസികയാത്ര നടത്തിയത്. ദൃശ്യങ്ങൾ ലഭിച്ചയുടൻ റാണിപുരത്തെത്തിയ പോലീസ് സംഘം ഇരു വാഹനങ്ങളും കണ്ടെത്തുകയും നിയമലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തു. മുൻപ് ഇത്തരത്തിൽ ഈ റൂട്ടിൽ നടന്ന സാഹസികയാത്ര ഒരു വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിന് ഇടയാക്കിയിരുന്നു. മഴക്കാല പ്രകൃതി ഭംഗി കാണാൻ റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുകയാണ്. വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി റാണിപുരം റോഡിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0