'പ്രവാസികൾ പ്രതിസന്ധിയിൽ'; പ്രത്യേക സമാശ്വാസ പാക്കേജും പഠന കമ്മിറ്റിയും വേണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവതരമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. യുദ്ധം വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ-പുനഃരധിവാസ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാനും സർക്കാർ ഒരു പ്രത്യേക പഠന കമ്മിറ്റിക്ക് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ-വരുമാന നഷ്ടം, വിലവർധനവ്, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് നിലവിൽ ഗൾഫ് പ്രവാസികൾ ഉള്ളത്. ഈ സാഹചര്യം സർക്കാർ സൂക്ഷ്മമായി വിലയിരുത്തണമെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുന്നോട്ട് വരണം. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ട്. എന്നാൽ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്കുള്ളതിനേക്കാൾ ഉയർന്ന വിമാന നിരക്കാണ് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടായിട്ടും കാലങ്ങളായി തുടരുന്ന ഈ അനീതി സാധാരണക്കാരായ പ്രവാസികളെ വല്ലാതെ ബാധിക്കുന്നു. ഇക്കാര്യത്തിൽ ഒരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയിൽ പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നൽകേണ്ടതുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും സംഘടനാ നേതാക്കളും പ്രമുഖരും ഉൾപ്പെടെ ആയിരത്തിലധികം പേരാണ് സമ്മിറ്റിൽ പങ്കെടുത്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0