ഇ.പി.എഫ്.ഒ ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

Sep 17, 2026 - 10:42
ഇ.പി.എഫ്.ഒ ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

ന്യൂഡൽഹി: സ്വകാര്യ മേഖലയിലെ ശമ്പളക്കാർക്ക് വൻ ആശ്വാസമേകി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) നിർബന്ധിത ആനുകൂല്യങ്ങൾക്കുള്ള പ്രതിമാസ വേതന പരിധി ഉയർത്തി കേന്ദ്ര സർക്കാർ. ഇതുവരെ 15,000 രൂപയായിരുന്ന ശമ്പള പരിധി 25,000 രൂപയായാണ് വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം നൽകിയത്. 

പുതിയ തീരുമാനത്തോടെ 15,000 മുതൽ 25,000 രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്ന 51 ലക്ഷത്തിലധികം പുതിയ ജീവനക്കാർ കൂടി നിർബന്ധിത പി.എഫ്, പെൻഷൻ പരിധിയിലേക്ക് കടന്നുവരും. 2014-ലാണ് ഇതിന് മുൻപ് ശമ്പള പരിധി 6,500 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത്. 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ സുപ്രധാന പരിഷ്കാരം. അടിസ്ഥാന ശമ്പള പരിധി ഉയർന്നതോടെ ജീവനക്കാരുടെയും തൊഴിലുടമയുടെയും പ്രതിമാസ പി.എഫ് വിഹിതം വർധിക്കുകയും വിരമിക്കുമ്പോൾ വലിയൊരു തുക സമ്പാദ്യമായി ലഭിക്കുകയും ചെയ്യും. 

തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് ഇ.പി.എസ് (പെൻഷൻ ഫണ്ട്) ലേക്ക് പോകുന്ന തുക 1,250 രൂപയിൽ നിന്ന് 2,082.50 രൂപയായി ഉയരും. ഇത് ഭാവിയിൽ ലഭിക്കുന്ന പ്രതിമാസ പെൻഷനിൽ വലിയ വർധനവുണ്ടാക്കും. പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം ഏകദേശം 11,339 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.  രാജ്യത്തെ ശരാശരി വേതനത്തിലുണ്ടായ വർധനവും വിലക്കയറ്റവും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ ഏറെക്കാലമായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഇതോടെ നടപ്പിലായിരിക്കുന്നത്. 20-ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0