സർക്കാർ ആശുപത്രികൾ ജനങ്ങളുടെ സുരക്ഷയെ തകർക്കരുത്

Dec 23, 2025 - 11:32
സർക്കാർ ആശുപത്രികൾ ജനങ്ങളുടെ സുരക്ഷയെ തകർക്കരുത്

സർക്കാർ ആശുപത്രികൾ  സാധാരണക്കാരന്റെ ഏറ്റവും വലിയ ആശ്രയ കേന്ദ്രമാണ്. പണം ഇല്ലാത്തപ്പോഴും ജീവൻ രക്ഷിക്കപ്പെടുമെന്ന വിശ്വാസത്തോടെ ജനങ്ങൾ എത്തുന്ന ഇടം. എന്നാൽ ഇന്ന് പല സർക്കാർ ആശുപത്രികളിലെയും സുരക്ഷാ സംവിധാനം ആശങ്കജനകമാണ്. ആവശ്യമായ അടിസ്ഥാന സജ്ജീകരണങ്ങളുടെ അഭാവം ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. മതിയായ ബെഡുകൾ, ശുചിത്വമുള്ള ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ പല ആശുപത്രികളിലും അപൂർണ്ണമാണ്. അടിയന്തര ഘട്ടങ്ങളിൽ പോലും വേണ്ടത്ര ഉപകരണങ്ങൾ ലഭിക്കാതെ രോഗികളും ബന്ധുക്കളും വലയുന്നത് സാധാരണ കാഴ്ചയായി മാറിക്കഴിരിക്കുന്നു.

അതുപോലെ തന്നെ നല്ല അന്തരീക്ഷത്തിന്റെ അഭാവവും രോഗമുക്തിക്ക് വലിയ തടസ്സമാണ്. തിരക്കേറിയ വാർഡുകൾ, ശുചിത്വമില്ലാത്ത പരിസരം, ദുർഗന്ധം നിറഞ്ഞ മുറികൾ ഇവയൊക്കെ രോഗിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. രോഗമുക്തി മരുന്നുകളിലൂടെ മാത്രമല്ല നല്ല അന്തരീക്ഷത്തിലൂടെയും സാധ്യമാണെന്ന സത്യം ഇവിടെ മറക്കപ്പെടുന്നു.
ചികിത്സാ സേവനങ്ങളുടെ നിലവാരവും പലയിടങ്ങളിലും ആശങ്കാജനകമാണ്. നഴ്‌സുമാരുടെയും സഹായ ജീവനക്കാരുടെയും അമിത ജോലിഭാരം, സമയക്കുറവ്, പരിശീലനത്തിലെ കുറവ് എന്നിവ രോഗികൾക്ക് ലഭിക്കേണ്ട കരുണയും ശ്രദ്ധയും കുറയ്ക്കുന്നു. സർക്കാർ ആശുപത്രി എന്ന പേരിൽ മാത്രം ഒതുങ്ങാതെ, ഗുണമേന്മയുള്ള സേവനം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
ഇതിനെല്ലാം പുറമെ, ഡോക്ടർമാരുടെ അഭാവം ഏറ്റവും ഗുരുതരമായ പ്രശ്നമാണ്. ഡോക്ടർമാരുടെ അഭാവം കാരണം  ഒരു ഡോക്ടറിന്  അമിത ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമ്പോൾ ചികിത്സയിൽ വൈകല്യവും പിഴവുകളും രൂപപ്പെടുന്നു. വിദഗ്ധ ഡോക്ടർമാരുടെ കുറവ് മൂലം രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരുന്നത് സാധാരണക്കാരനെ സാമ്പത്തികമായി തകർക്കുന്നു.

പല ആശുപത്രികളും പരിസരങ്ങളും കാടുപിടിച്ച നിലയിലാണ്. പ്രത്യേകിച്ചും കെട്ടിടങ്ങൾക്ക് പുറകിൽ. അവിടേക്ക് രോഗികളോ കൂട്ടിരിപ്പുകാരോ പോകുന്നില്ലെങ്കിലും നായകളുടെയും പാമ്പുകളുടെയും വാസസ്ഥലങ്ങളായി മാറുന്നത് വലിയ ഭീഷണിയാണ്. ആശുപത്രികളിലേക്ക് പലപ്പോഴും ഇഴ ജന്തുക്കൾ കയറുന്നതിന്റെ പ്രധാന കാരണം കൂടിയാണിത്. രോഗികൾ സുരക്ഷയൊരുക്കേണ്ട സ്ഥലങ്ങളിൽ ഭയം വിതറുന്ന ഇത്തരം കാഴ്ചകൾ സുരക്ഷയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ജീവൻ രക്ഷിക്കേണ്ട ഇടം തന്നെ ജീവന് ഭീഷണിയായാൽ അതിനെ മനുഷ്യാവകാശ ലംഘനമെന്നേ വിളിക്കാനാകൂ.
സർക്കാർ ആശുപത്രികൾ ഭയത്തിന് പകരം ദയയുടെ കേന്ദ്രങ്ങളായിരിക്കണം. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ശുചിത്വം ഉറപ്പാക്കുകയും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുകയും ചെയ്താൽ മാത്രമേ സർക്കാർ ആശുപത്രികൾ വീണ്ടും ജനങ്ങളുടെ വിശ്വാസകേന്ദ്രങ്ങളായി മാറുകയുള്ളൂ.

✍️ നാഫിഹ് വി.പി.എം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0