ബുൾഡോസറിന് കീഴിൽ തകർന്നത് വീടുകൾ മാത്രമല്ല; മനുഷ്യജീവിതങ്ങളാണ്
ബംഗളൂരു യെലഹങ്കയിലെ ബന്ദേ റോഡിൽ നടന്ന സംഭവങ്ങൾ ഒരു നഗരത്തിന്റെ വികസന കണക്കുകളിൽ മാത്രമല്ല, മനുഷ്യാവകാശ ചർച്ചകളിലും ഗൗരവമായി ഇടം പിടിക്കേണ്ടതാണ്. ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത് ഒരു സാധാരണ ഒഴിപ്പിക്കൽ നടപടിയായി കാണാനാകില്ല. അത് ഒരു വലിയൊരു മനുഷ്യാവസ്ഥയുടെ തകർച്ചയാണ്. വർഷങ്ങളായി അവിടെ താമസിച്ചിരുന്ന കുടുംബങ്ങളുടെ ജീവിതം ഒരു നിമിഷം കൊണ്ട് പൊളിച്ചെറിയപ്പെട്ട ദൃശ്യങ്ങൾ ഏത് മനസാക്ഷിയെയും അലോസരപ്പെടുത്തുന്നതാണ്. വികസനം എന്ന വാക്ക് ഇന്ന് അധികാരികൾ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന ഒന്നാണ്. റോഡുകൾ, ഫ്ലൈഓവറുകൾ, സ്മാർട്ട് സിറ്റികൾ, പുതിയ പദ്ധതികൾ ഇതെല്ലാം തന്നെ ആവശ്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ വികസനം മനുഷ്യരെ പുറത്താക്കി കൊണ്ടാകണമോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.
ബുൾഡോസറുകൾ നീങ്ങുമ്പോൾ അതിന്റെ അടിയിൽ വീഴുന്നത് വെറും ചുമരുകളും മേൽക്കൂരകളും അല്ല, മറിച്ച് സാധാരണ മനുഷ്യരുടെ സുരക്ഷയും ആത്മാഭിമാനവുമാണ്. യെലഹങ്കയിലെ ബന്ദേ റോഡിൽ നടന്ന സംഭവത്തിൽ ഏറ്റവും ദുഖകരമായ കാര്യം, അതിന്റെ ഇരകളാകുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലമായ ഒരു കൂട്ടം ആളുകളാണെന്നതാണ്. ദിവസവേതനക്കാർ, ചെറുകച്ചവടക്കാർ, പ്രവാസം കഴിഞ്ഞു മടങ്ങിയെത്തിയവർ, പ്രായമായ മാതാപിതാക്കളോടൊപ്പം കഴിയുന്ന കുടുംബങ്ങൾ ഇവരുടെയൊക്കെയും ജീവിതമാണ് ഒരൊറ്റ ഉത്തരവിലൂടെ തകർന്നത്. പലർക്കും ഇതൊരു താൽക്കാലിക താമസസ്ഥലമല്ലായിരുന്നു. വർഷങ്ങളായി അവർ അവിടെ വേരൂന്നി ജീവിച്ചുവരികയായിരുന്നു. നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഇത്തരം നടപടികൾ ന്യായീകരിക്കപ്പെടുന്നത്. രേഖകളില്ലാത്ത ഭൂമി, അനധികൃത നിർമ്മാണം, വികസന പദ്ധതി ഇവയെല്ലാം അധികാരികളുടെ സ്ഥിരം വാദങ്ങളാണ്. എന്നാൽ നിയമം നടപ്പാക്കുമ്പോൾ പോലും മനുഷ്യനീതിയും മാനവികതയും പാലിക്കപ്പെടണം എന്ന അടിസ്ഥാനതത്വം ഇവിടെ ലംഘിക്കപ്പെട്ടു.
മുന്നറിയിപ്പുകൾ, പുനരധിവാസ സംവിധാനം, നഷ്ടപരിഹാരം ഇവയൊന്നും തന്നെ മതിയായ രീതിയിൽ നടപ്പാക്കിയില്ലെന്ന പരാതികളാണ് യെലഹങ്കയിലെ സംഭവത്തിൽ പുറത്തുവരുന്നത്. ഒരു വീടെന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷാകവചമാണ്. മഴയിലും ചൂടിലും മാത്രമല്ല, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിൽ നിന്നുമുള്ള അഭയകേന്ദ്രം കൂടിയാണ് അത്. അത്തരത്തിൽ ഒരു ഇടം നഷ്ടപ്പെടുമ്പോൾ വെറും ഒരു കെട്ടിടമല്ല; അവന്റെ സ്വകാര്യത, കുടുംബബന്ധങ്ങൾ, സ്വപ്നങ്ങൾ, ഭാവിയിലേക്കുള്ള പ്രതീക്ഷകൾ എല്ലാം കൂടിയാണ് ഒരാൾക്ക് നഷ്ടമാകുന്നത്. ഈ യാഥാർത്ഥ്യം ഭരണകൂടം പലപ്പോഴും കണക്കിലെടുക്കാറില്ല.
ഇത്തരം സംഭവങ്ങളിൽ ശ്രദ്ധിക്കേണ്ട മറ്റൊരു വശം, സമൂഹത്തിന്റെ മൗനമാണ്. ബുൾഡോസർ മറ്റൊരാളുടെ വീട്ടിൽ കയറിയപ്പോൾ, അത് നമുക്കൊന്നും സംഭവിക്കില്ലെന്നൊരു തെറ്റായ വിശ്വാസം നമ്മെ നിശബ്ദരാക്കുന്നു. എന്നാൽ ചരിത്രം തെളിയിച്ചിട്ടുള്ളത്, അധികാരത്തിന്റെ ഇത്തരം ക്രൂരതകൾ ഒടുവിൽ എല്ലാവരെയും ബാധിക്കുമെന്നതാണ്. ഇന്ന് അവിടെയാണെങ്കിൽ നാളെ ഇവിടെയും എന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകൂടത്തിന്റെ ഓരോ നടപടിയും പൊതുജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാകണം. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ, അതിന്റെ വില നൽകേണ്ടിവരുന്നത് സാധാരണക്കാരായ മനുഷ്യരായിരിക്കരുത്. നിയമം മനുഷ്യർക്കുവേണ്ടിയാകണം, മനുഷ്യർ നിയമത്തിനുവേണ്ടിയാവരുത്. ഈ അടിസ്ഥാനബോധം നഷ്ടപ്പെടുമ്പോഴാണ് ബുൾഡോസർ രാഷ്ട്രീയം മനുഷ്യജീവിതങ്ങളെ തകർത്ത് കടന്നുപോകുന്നത്. യെലഹങ്കയിലെ ബന്ദേ റോഡിൽ നടന്നത് ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല; അത് രാജ്യത്തിന്റെ മനസാക്ഷിയെ ചോദ്യം ചെയ്യുന്ന സംഭവമാണ്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുക, പുനരധിവാസം നൽകുക, ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാൻ വ്യക്തമായ മാർഗരേഖകൾ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളാണ് വേണ്ടത്. വികസനം എന്ന പേരിൽ മനുഷ്യരെ വഴിയരികിലേക്ക് തള്ളിവിടുന്ന പ്രവണതകൾ തുടരുകയാണെങ്കിൽ അത് ഒരു സമൂഹത്തോട് കാട്ടുന്ന ക്രൂരതയായിരിക്കും.
✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
7592956315
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



