ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്കയുടെ ഉപരോധം; ആശങ്കയിലായി ഗൾഫ് രാജ്യങ്ങൾ
വാഷിംഗ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കി. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്നാണ് അമേരിക്കൻ സെൻട്രൽ കമാന്റ് അറിയിച്ചത്. തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട എന്ന നിലപാടിലാണ് ഇറാൻ. ഇത് ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കി. ഇതിനകം തന്നെ മേഖലയിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 135 ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഗതാഗതം ഗണ്യമായി ചുരുങ്ങി. യുദ്ധത്തിൽ തകർന്നടിഞ്ഞ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ആസ്തികൾക്കും നഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യങ്ങൾ അമേരിക്ക തള്ളിയതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം. ഏപ്രിൽ 22 ന് വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ മേഖലയിൽ പൂർണ്ണതോതിലുള്ള യുദ്ധമുണ്ടാകുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0