സീതാംഗോളിയിൽ യുവാവിന്റെ കൊലപാതകം; പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ 

Apr 29, 2026 - 11:41
സീതാംഗോളിയിൽ യുവാവിന്റെ കൊലപാതകം; പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ 

കാസർകോട്: സീതാംഗോളിയിൽ പട്ടാപ്പകൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. നീർച്ചാൽ കുണ്ടിക്കാനയിലെ ഷഫായത്ത്(35)നെ കൊലപ്പെടുത്തിയ കേസിൽ കുമ്പള നായ്ക്കാപ്പ് സ്വദേശി ശ്രീനിവാസ (39)യാണ് അറസ്റ്റിലായത്. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് കുമ്പള പോലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റമാണ് പ്രകോപനത്തിനും കൊലപാതകത്തിനും കാരണമായതെന്ന് അറസ്റ്റിലായ ശ്രീനിവാസ പൊലീസിന് മൊഴി നൽകി.  ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സീതാംഗോളി ബിവറേജ് ഷോപ്പിനു സമീപത്ത് കെട്ടിടത്തിന്റെ പിൻഭാഗത്ത് ഷഫായത്തിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. കൊലപാതകത്തിനു ഉപയോഗിച്ച മരവടി സ്ഥലത്തു നിന്നു രക്തം പറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ ഷഫായത്തും ശ്രീനിവാസയും നിസാര പ്രശ്നത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായിരുന്നുവെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കൊലപാതകം നടന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ് ശ്രീനിവാസയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചതോടെ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയതെന്നും കൊലപാതകത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നു അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0