കാസർകോടിനെ കർണാടകയോട് ലയിപ്പിക്കണമെന്ന പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം; ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് ഭരണഭാഷാ സംരക്ഷണ സമിതി
കാസർകോട്: കാസർകോട് ജില്ലയെ കർണാടകയോട് ലയിപ്പിക്കണമെന്ന കന്നഡ സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഭരണഭാഷാ സംരക്ഷണ സമിതി രംഗത്തുവന്നു. ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കുമെന്ന് സമിതി പ്രസിഡന്റ് മഹ്മൂദ് കൈകമ്പ പ്രസ്താവനയിൽ പറഞ്ഞു.
മംഗളൂരു കൊടിയാൽബയലിലെ ശാരദ വിദ്യാലയത്തിൽ നടന്ന കന്നഡ രാജ്യോത്സവ പരിപാടിയിലാണ് കാസർകോടിനെ കർണാടകയോട് ലയിപ്പിക്കണമെന്ന ആവശ്യം ഡോ. രാമാനന്ദ ബനാരി വീണ്ടും ഉന്നയിച്ചത്. കാസർകോട്ടെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ നീക്കങ്ങൾ വേണമെന്നും കന്നഡ സംസാരിക്കുന്നവരോട് കാട്ടുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാൻ കൃത്യമായ പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കാസർകോട് കേരളത്തിന്റെ അവിഭാജ്യ ഘടകമാണെന്നും സപ്തഭാഷാ സംഗമഭൂമിയായ ജില്ലയിലെ ഭാഷാ വൈവിധ്യം വിഭജനത്തിനുള്ള കാരണമല്ല, മറിച്ച് ഐക്യത്തിനുള്ള അടിത്തറയാണെന്നും ഭരണഭാഷാ സംരക്ഷണ സമിതി വ്യക്തമാക്കി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതോടൊപ്പം മലയാള ഭാഷയ്ക്കും കാസർകോടിന്റെ തനതായ സാംസ്കാരിക പൈതൃകത്തിനും അർഹമായ സംരക്ഷണം ഉറപ്പാക്കണമെന്നും മഹ്മൂദ് കൈകമ്പ ആവശ്യപ്പെട്ടു.
ജില്ലയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ചരിത്രപരമായ വസ്തുതകളുടെയും ഭരണഘടനാപരമായ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും, എല്ലാ ഭാഷാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കേരളത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്നും സമിതി കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0