അരിയിൽ ഷുക്കൂർ വധക്കേസ്: 14 വർഷത്തിനുശേഷം നിർണ്ണായക വിധി
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സി.പി.എം. നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെ കോടതി വെറുതെവിട്ടു. നീണ്ട 14 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതിയുടെ സുപ്രധാന വിധി.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമായിരുന്നു. ഇവരടക്കം ആകെ 33 സി.പി.എം. പ്രവർത്തകരാണ് കേസിൽ പ്രതികളായി ഉണ്ടായിരുന്നത്; ഇതിൽ രണ്ടുപേർ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു.
സുമേഷ് ഒന്നാം പ്രതിയായ കേസിൽ പി. ഗണേശൻ, അനൂപ്, വിജേഷ്, കെ. പ്രകാശൻ എന്നിവരാണ് ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. വിചാരണ വേളയിൽ കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെടുന്നത്. സി.പി.എം. നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് 2016 ഫെബ്രുവരി എട്ടിന് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് കൈമാറാൻ ഉത്തരവിട്ടു.
പ്രത്യേകാധികാരം വിനിയോഗിച്ച് ജസ്റ്റിസ് ബി. കെമാൽപാഷ പുറപ്പെടുവിച്ച അന്നത്തെ ഉത്തരവിൽ അന്വേഷണ സംഘത്തിനും സി.പി.എമ്മിനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായിരുന്നത്. പി. ജയരാജനെയും ടി.വി രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തിൽ നിന്നൊഴിവാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഠിനപ്രയത്നം വേണ്ടിവന്നുവെന്നും, 'പ്രാദേശിക രാജാക്കന്മാർ' കേസന്വേഷണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി അന്ന് നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ഇരുവർക്കുമെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് പ്രത്യേക സി.ബി.ഐ. കോടതി ഇപ്പോൾ ഇവരെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0