മാർക്കുകളുടെ പേരിൽ വിദ്യാർത്ഥിത്വത്തെ നശിപ്പിക്കരുത്
പരീക്ഷ എന്നത് വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ്. എന്നാൽ, പരീക്ഷയും പരീക്ഷാഫലവും കുട്ടികളുടെ മുഴുവൻ ജീവിതം നിർണ്ണയിക്കുന്നതുപോലെ കണക്കാക്കപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. മാർക്കുകൾ മാത്രമാണ് കഴിവിന്റെയും ബുദ്ധിയുടെയും മാനദണ്ഡമെന്ന തെറ്റായ ധാരണ, കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഈ സമ്മർദ്ദം പലപ്പോഴും അവരെ ആകാംക്ഷയിലേക്കും വിഷാദത്തിലേക്കും പോലും തള്ളിവിടുന്ന സാഹചര്യം നാം ദിനംപ്രതി വാർത്തകളിലൂടെ കാണുകയാണ്. പരീക്ഷകൾ ആവശ്യമാണ്. പഠിച്ച കാര്യങ്ങൾ എത്രമാത്രം ഉൾക്കൊണ്ടുവെന്ന് വിലയിരുത്താൻ അവ ഉപകരിക്കും. എന്നാൽ പരീക്ഷയെ കുട്ടികളുടെ കഴിവിന്റെ അന്തിമ വിധിയായി മാറ്റുന്നത് ഗുരുതരമായ പിഴവാണ്. ഓരോ കുട്ടിയും വ്യത്യസ്തരാണ്.
ഒരാൾ അക്കാദമിക് വിഷയങ്ങളിൽ മികവ് പുലർത്തുമ്പോൾ മറ്റൊരാൾ കലയിലും കായികവുമായ രംഗങ്ങളിൽ തിളങ്ങും. ഈ വൈവിധ്യം തിരിച്ചറിയാതെ എല്ലാവരെയും ഒരേ മാനദണ്ഡത്തിൽ അളക്കുന്നത് നീതിയല്ല. വിദ്യാർത്ഥികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഏറ്റവും അപകടകരമായ പ്രവണതകളിലൊന്നാണ്. ഫസ്റ്റ് ക്ലാസ് നേടിയ കുട്ടിയെയോ മാർക്ക് അധികം ലഭിച്ച കുട്ടിയെയോ താരതമ്യം മറ്റൊരു കുട്ടിയോട് ചെയ്‌ത് ശകാരിക്കുന്നത് കുട്ടികളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കും. താരതമ്യം ആത്മവിശ്വാസം നശിപ്പിക്കുകയും സ്വന്തം കഴിവുകളെ കുറിച്ചുള്ള അവബോധം ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും പരാജയം ഏറ്റുവാങ്ങുന്ന കുട്ടികൾ സ്വയം മൂല്യമില്ലാത്തവരാണെന്ന തോന്നലിലേക്കാണ് എത്തിച്ചേരുന്നത്.
പരീക്ഷാഫലം എന്തായാലും കുട്ടികളെ സമീപിക്കേണ്ടത് സ്നേഹത്തോടെയും സഹാനുഭൂതിയോടെയുമാണ്. കുറഞ്ഞ മാർക്ക് കിട്ടിയ കുട്ടിയോട് കുറ്റപ്പെടുത്തലുകൾക്ക് പകരം വീഴ്ചകൾ മനസ്സിലാക്കിക്കൊടുത്ത് പെരുമാറാൻ കഴിയണം. ഒരു കുട്ടിയുടെ പരാജയത്തിന് പിന്നിൽ പഠനസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല, കുടുംബപരിസരം, മാനസിക സമ്മർദ്ദം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളും ഉണ്ടാകാം.
കുട്ടികളുടെ വാക്കുകൾ കേൾക്കാൻ നമ്മൾ തയ്യാറാകണം. അവർ പറയുന്ന ചെറിയ സൂചനകൾ പോലും ഗൗരവത്തോടെ എടുക്കേണ്ടതാണ്. കുട്ടികളെ കേൾക്കാതിരുന്നാൽ അവർ പലപ്പോഴും തെറ്റായ വഴികൾ തിരയാൻ ഇടയുണ്ട്. ഒറ്റപ്പെടലിലേക്കും ലഹരിയിലേക്കും മയക്കുമരുന്നുകളിലേക്കും അവർ വഴുതിപ്പോകുന്നതിന് വരെ അത് കാരണമായേക്കും. സമൂഹം അത് തിരിച്ചറിയുമ്പോഴേക്കും അവർ കൈവിട്ട് പോയിരിക്കും.
മാതാപിതാക്കളും അധ്യാപകരും സമൂഹവും ചേർന്ന് കുട്ടികൾക്ക് സുരക്ഷിതമായ ഒരു മാനസിക അന്തരീക്ഷം സൃഷ്ടിക്കണം. പരീക്ഷാഫലം ജീവിതത്തിന്റെ അവസാനമല്ലെന്നും അത് ഒരു പുതിയ തുടക്കത്തിന് വഴികാട്ടിയാകാമെന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പരാജയത്തിൽ നിന്ന് പഠിക്കാനും മുന്നോട്ട് പോകാനും അവരെ പ്രോത്സാഹിപ്പിക്കണം. വിജയത്തേക്കാൾ വലുതാണ് നല്ല മനുഷ്യനാകുക എന്ന സന്ദേശം അവർക്കു നൽകണം. ഇന്നത്തെ കടുത്ത മത്സരകാലത്ത് കുട്ടികൾ നേരിടുന്ന സമ്മർദ്ദം നിസാരമായി കാണാനാവില്ല. അവരുടെ ചിരിയും സ്വപ്നങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ മനസ്സിനെ കരുതലോടെ കൈകാര്യം ചെയ്താൽ മാത്രമേ നമുക്ക് ആരോഗ്യകരമായ ഒരു സമൂഹം രൂപപ്പെടുത്താൻ കഴിയൂ. പരീക്ഷകൾ വരും, പോകും. മാർക്കുകൾ മാറിമറിയും. എന്നാൽ കുട്ടികളുടെ ആത്മവിശ്വാസവും ജീവിതത്തോടുള്ള പ്രതീക്ഷയും നഷ്ടപ്പെട്ടാൽ അത് തിരികെ പിടിക്കുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പരീക്ഷാഫലത്തെക്കാൾ പ്രാധാന്യം കുട്ടികളുടെ മനസ്സിനും ഭാവിക്കും നൽകാം. അതാണ് ഒരു സമൂഹത്തെ നിർമ്മിച്ചെടുക്കാൻ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഊർജം.
✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



