പ്രതീക്ഷയാണ് അക്ഷയ സെന്ററുകൾ; സേവനത്തിന്റെ പേരിൽ വട്ടംകറക്കരുത്
സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ ഇന്ന് അക്ഷയ സെന്ററുകൾക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധ സർക്കാർ സേവനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ സെന്ററുകൾ, കാലക്രമേണ ജനങ്ങളുടെ ഏറ്റവും വലിയ ആശ്രയ കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. റേഷൻ കാർഡ്, ആധാർ, പെൻഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വിവിധ ഓൺലൈൻ അപേക്ഷകൾ തുടങ്ങി അനവധി ആവശ്യങ്ങൾക്കായി ജനങ്ങൾ അക്ഷയ സെന്ററുകളെ സമീപിക്കുന്നു.
പല അക്ഷയ സെന്ററുകളിലും ഉദ്യോഗസ്ഥർ അതീവ ഉത്തരവാദിത്വത്തോടെയും കഠിനാധ്വാനത്തോടെയും ജോലി ചെയ്യുന്നുണ്ടെന്നത് അഭിനന്ദനാർഹമാണ്. തിരക്കേറിയ ദിവസങ്ങളിലും ക്ഷമയോടെ സേവനം ചെയ്യുകയും വരുന്നവരോട് സൗഹൃദപരമായി പെരുമാറുകയും ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. അത്തരമൊരു സേവന മനോഭാവം അക്ഷയ സെന്ററുകളെ ജനങ്ങൾക്ക് വിശ്വാസയോഗ്യമായ സ്ഥാപനങ്ങളാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ, ചില അക്ഷയ സെന്ററുകളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ സാധാരണക്കാരെ വേദനിപ്പിക്കുന്നതാണ്. ആവശ്യമായ രേഖകൾ ഒന്നിലധികം തവണയായി കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും, ചെറിയ ചെറിയ പിഴവുകൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ നീട്ടിക്കൊണ്ടുപോകുന്നതും, മണിക്കൂറുകളോളം കാത്തുനിർത്തുന്നതുമായ അനുഭവങ്ങൾ പലർക്കും നേരിടേണ്ടി വരുന്നു. ഇതുവഴി, സമയം നഷ്ടപ്പെടുന്നതിനൊപ്പം മാനസിക സമ്മർദ്ദവും സാമ്പത്തിക ബാധ്യതയും സാധാരണക്കാർക്ക് സഹിക്കേണ്ടിവരുന്നു. പലരും ദൂരെ ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് അക്ഷയ സെന്ററുകളിലെത്തുന്നത്. ദിവസവേതന തൊഴിലാളികൾക്ക് ഒരു ദിവസം നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാണ്. രേഖകൾ എല്ലാം ഒരുക്കി എത്തിയിട്ടും അതി പ്രധാനമല്ലാത്ത രേഖകൾക്ക് പോലും വീണ്ടും ശെരിയാക്കി വരണം എന്ന മറുപടികൾ ആവർത്തിക്കുമ്പോൾ അവർ നിരാശരാകുന്നു. ചിലപ്പോൾ രേഖകളിലെ ചെറിയ സാങ്കേതിക പിഴവുകൾ പോലും വലിയ പ്രശ്നങ്ങളായി അവതരിപ്പിച്ച് സേവനം വൈകിപ്പിക്കുന്ന സമീപനം ഉണ്ടാകുന്നു.
അക്ഷയ സെന്ററുകൾ പിറവിയെടുത്തത് ജനങ്ങളെ സഹായിക്കാനാണ്. സാധാരണക്കാരന് എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലായിരിക്കണം സേവനങ്ങൾ. രേഖകളിൽ ആവശ്യമായ കാര്യങ്ങൾ ഒരിക്കൽ തന്നെ വ്യക്തമായി പറഞ്ഞുതരുകയും, കഴിയുന്നത്ര വേഗത്തിൽ സേവനം പൂർത്തിയാക്കുകയും ചെയ്യേണ്ടത് ഓരോ അക്ഷയ സെന്ററിന്റെയും ഉത്തരവാദിത്വമാണ്. സേവനമനോഭാവമാണ് ഒരു പൊതുസേവന സ്ഥാപനത്തിന്റെ യഥാർത്ഥ ശക്തി. നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മാനുഷിക ബോധ്യം അന്യമാകരുത്. അപേക്ഷകന്റെ സാഹചര്യം മനസ്സിലാക്കി സാധ്യമായിടത്ത് സഹായ മനോഭാവം കാണിക്കുന്നത് തന്നെയാവണം അക്ഷയ സെന്ററുകളുടെ ആത്മാവ്. ഇക്കാര്യത്തിൽ മേൽനോട്ട സംവിധാനങ്ങളും കൂടുതൽ ശക്തമാകേണ്ടതുണ്ട്.
ജനങ്ങളുടെ പരാതികൾ കേൾക്കാനും തെറ്റായ പ്രവണതകൾ തിരുത്താനും ഫലപ്രദമായ നടപടികൾ ഉണ്ടാകണം. നല്ല സേവനം നൽകുന്ന അക്ഷയ സെന്ററുകളെ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നത് അനിവാര്യമാണ്.അക്ഷയ സെന്ററുകൾ സാധാരണക്കാരന്റെ ജീവിതത്തിൽ വെളിച്ചമായി മാറേണ്ട സ്ഥാപനങ്ങളാണ്. അവിടെയുള്ള ഓരോ സേവനവും ജനങ്ങൾക്ക് ആശ്വാസമാകണം. സേവനത്തിന്റെ പേരിൽ വട്ടംകറക്കലും അനാവശ്യ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുവെങ്കിൽ ആ ലക്ഷ്യം നഷ്ടപ്പെടും. അക്ഷയ സെന്ററുകൾ യഥാർത്ഥത്തിൽ 'ജനസേവന കേന്ദ്രങ്ങൾ' ആകണമെങ്കിൽ അവിടെയുണ്ടാകേണ്ടത് കരുണയും ഉത്തരവാദിത്വവും സേവന മനോഭാവവുമാണ്.
✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



